ചേർത്തല: കടക്കരപ്പള്ളി ഒറ്റമശേരിയിൽ അടിഞ്ഞ തിമിംഗലത്തിന്റെ ജഡം ശരിയായി മറവ് ചെയ്യാത്തതിനാൽ പ്രദേശം ദുർഗന്ധത്തിൽ മുങ്ങി. 7ന് രാവിലെയാണ് ഒറ്റമശേരി തീരത്ത് തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. പഞ്ചായത്ത്, പൊലീസ്, വനം, മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തിയാണ് മറവ് ചെയ്യാൻ നടപടി സ്വീകരിച്ചത്. ജഡം കഷണങ്ങളായി മണ്ണുമാന്തി യന്ത്റം ഉപയോഗിച്ച് കുഴിയെടുത്ത് മൂടുകയായിരുന്നു. എന്നാൽ ജഡം ഇപ്പോൾ കാക്കകൾ കൊത്തിവലിക്കുകയാണ്.
ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല. തിമിംഗലത്തിന്റെ അവശിഷ്ടങ്ങൾ മറവ് ചെയ്യാൻ കുഴിച്ച സ്ഥലങ്ങളിലെല്ലാം പണ്ട് കടൽക്ഷോഭം തടയാനിട്ടിരുന്ന കല്ലുകൾ ഉണ്ടായിരുന്നത് തടസമായെന്ന് അധികൃതർ പറയുന്നു. ഇന്നലെ വൈകിട്ട് ജഡം കത്തിക്കാൻ തീരുമാനിച്ചെങ്കിലും മഴമൂലം നടന്നില്ല. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ പറഞ്ഞു.