ഹരിപ്പാട്: കൊവിഡും തുടർന്നുണ്ടായ പ്രശ്നങ്ങളും നടുവൊടിച്ച ഒരു വിഭാഗമാണ് മത്സ്യകർഷകർ. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ മത്സ്യ കർഷകരാണ് കൃഷിയിറക്കി 18 മാസം കഴിഞ്ഞിട്ടും വിളവെടുക്കാനാകാതെ ദുരിതത്തിലായത്.
എറണാകുളം, തൃശൂർ മേഖലയിൽ നിന്നുള്ള കമ്പനികളാണ് കർഷകരിൽ നിന്ന് മത്സ്യം സംഭരണം നടത്തിയിരുന്നത്.
കൊവിഡ് സാഹചര്യത്തിൽ വിദേശത്തേയ്ക്കുള്ള കയറ്റുമതി തടസപ്പെട്ടു. ഇതാണ് ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലും മറ്റു കൃഷി ഇറക്കിയ കർഷകർക്ക് തിരിച്ചടിയായത്. മഴ കനക്കുന്നത് കാരണം വെള്ളം കയറ്റുന്നതിലെ പ്രശ്നങ്ങളും തീറ്റയുടെ ലഭ്യതകുറവും കർഷകരെ കൂടുതൽ പ്രശ്നത്തിലാക്കുന്നു.
കട് ല, രോഹു, ഗ്രാസ് കാർപ്പ്, മലേഷ്യൻ വാള തുടങ്ങിയ മത്സ്യങ്ങളെയാണ് സാധാരണയായി കൃഷിയിറക്കുന്നത്. കമ്പനികൾ കിലോഗ്രാമിന് 40 രൂപ മുതൽ 50 രൂപ വരെ നൽകിയാണ് സംഭരിക്കുന്നത്. ഈ വിലയിൽ വിൽപന നടത്തുമ്പോൾ തന്നെ വൻബാദ്ധ്യതകളാണ് കർഷകർക്ക് അനുഭവപ്പെടാറുള്ളത്. എന്നാൽ സബ്സിഡി തുകയാണ് കർഷകർക്ക് ആശ്വാസമായിരുന്നത്. കുറഞ്ഞ വിലയാണ് കമ്പനികൾ കർഷകർക്ക് നൽകിയിരുന്നതെങ്കിലും വ്യവസായികാടിസ്ഥാനത്തിൽ ഇറക്കുന്ന കൃഷി വിളവെടുപ്പു നടത്തിയാൽ കമ്പനികൾ മത്സ്യം ഒന്നിച്ച് സംഭരിച്ച് കൊണ്ടു പോകുന്നത് ഏറെ ആശ്വാസമായിരുന്നു. എന്നാൽ കമ്പനികൾ മത്സ്യം സംഭരിക്കാതായതോടെ വൻകിട കർഷകർക്ക് വിളവെടുപ്പ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. വിളവെടുക്കുന്ന മത്സ്യം വിറ്റഴിക്കുന്നതിന് വിപണിയില്ലാത്ത സ്ഥിതി. ചെറുകിട കർഷകർക്ക് പ്രാദേശികമായി ഒരു പരിധി വരെ വിറ്റഴിക്കാൻ കഴിയും.
ചേരാതെ ചെലവും വിലയും
സർക്കാർ സംവിധാനത്തിനു കീഴിലുള്ള ഹാച്ചറികളിൽ നിന്ന് 3 മുതൽ 8 രൂപ വരെ ഒരു മത്സ്യ കുഞ്ഞിന് വില നൽകിയാണ് സംഭരിക്കുന്നത്. ഇവയെ നഴ്സറികളിൽ തയ്യാറാക്കി ഒരു പ്രായമെത്തുന്നതു വരെ വളർത്തിയതിനു ശേഷമാണ് പാടശേഖരത്തിലേക്ക് തുറന്നു വിടുന്നത്. മത്സ്യത്തിന്റെ തൂക്കത്തിന്റെ 5 ശതമാനമാണ് തീറ്റ നൽകേണ്ടത്. ഒരു കിലോഗ്രാം തീറ്റയ്ക്ക് 50 രൂപയാണ് വില. ഇത്തരത്തിൽ വലിയ വില നൽകി തീറ്റ സംഭരിക്കാൻ കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. ഹോട്ടൽ വേസ്റ്റ് സുലഭമായി ലഭിച്ചിരുന്നപ്പോൾ കർഷകർക്ക് ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ ഹോട്ടലുകളിലധികവും പാഴ്സലുകളായതോടെ ആ മാർഗവും അടഞ്ഞു. ഫിഷറീസ് വകുപ്പ് കർഷകർക്ക് ഹെക്ടറിന് 5000 രൂപയാണ് ആനുകൂല്യം നൽകുന്നത്. മത്സ്യകൃഷിയിലൂടെ വിളവെടുക്കുന്ന മത്സ്യങ്ങൾക്ക് താങ്ങ് വില നിശ്ചയിച്ച് സർക്കാർ തലത്തിൽ സംഭരണത്തിന് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
...........................................
>>>>>>>>>>>>
400
ഏകദേശം നാനൂറോളം
കർഷകർ ജില്ലയിൽ
മത്സ്യകർഷകരാണ് ഉള്ളത്.
>>>>>>>>>>>>>>>>>>
വെള്ളം കൂടിയതും തീറ്റയുടെ ലഭ്യത കുറവും മത്സ്യകൃഷിയെ ബാധിച്ചു. തീറ്റ ലഭിക്കാത്തതിനാൽ കച്ചവടക്കാർ പറയുന്ന കുറഞ്ഞ നിരക്കിൽ നേരത്തെ തന്നെ വിളവെടുക്കേണ്ട സ്ഥിതിയാണ്
ഉണ്ണി , കർഷകൻ
വർഷങ്ങളായി മത്സ്യകൃഷി നടത്തുന്നു. ഹെക്ടർ കണക്കിന് പാടശേഖരങ്ങളിലും കുളങ്ങളിലുമാണ് മത്സ്യകൃഷി ഇറക്കിയിട്ടുള്ളത്. ഏകദേശം നാനുറോളം കർഷകർ ജില്ലയിൽ ഇത്തരത്തിൽ മത്സ്യകൃഷി ഇറക്കിയിട്ടുണ്ട്. ഇവരൊക്കെ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്.
ബൻസി, കർഷകൻ വീയപുരം