കുട്ടനാട്: കരകലും പോളയും തിങ്ങിനിറഞ്ഞതിനെ തുടർന്ന് വർഷങ്ങളായി ഉപയോഗശൂന്യമായിരുന്ന രാമങ്കരി മുക്കം തോട്ടിൽ നാട്ടുകാരുടെയും രാമങ്കരി സെന്റ് ജോസഫ് ചർച്ച് ഇടവകാംഗങ്ങളുടെയും കൂട്ടായ്മയിൽ ഇനി തെളിനീരൊഴുകും. രാമങ്കരി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ പമ്പയാറ്റിൽ നിന്ന് ആരംഭിച്ച് രാമങ്കരി കൃഷിഭവന് കീഴിലെ കോയൽ വട്ടത്തുശേരി, പെരുമാനിക്കേരി, നൂറ്റിനാൽപ്പത് പാടശേഖരങ്ങൾക്ക് മദ്ധ്യത്തിലൂടെ രാമങ്കരി മുക്കം ജംഗ്ഷനിലെത്തി വീണ്ടും പമ്പയാറ്റിലേക്ക് ഒഴുകുന്നതാണ് തോട്. മൂന്ന് പാടശേഖരങ്ങളിലെയും ജലം തോട്ടിലേയ്ക്കാണ് പമ്പ് ചെയ്യുന്നത്. പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. പ്രദേശവാസികളുടെ ദുരിതം കണ്ടറിഞ്ഞ രാമങ്കരി സെന്റ് ജോസഫ് ചർച്ച് ഫാ. ടിജോ മതിലകത്ത്കുഴി ഇടവകാംഗങ്ങളെയും നാട്ടുകാരെയും സംഘടിപ്പിച്ച് തോട് നവീകരിക്കുകയായിരുന്നു