കുട്ടനാട്: എസ്.എൻ.ഡി.പി യോഗം പൊങ്ങ 21-ാം നമ്പർ ശാഖാ ഓഫീസ് കുത്തിത്തുറന്ന് മോഷണം. പത്ത് പവനോളം വരുന്ന തിരുവാഭരണങ്ങളും 25,000 രൂപയും കാണിക്കവഞ്ചിയും കവർന്നു. ഇന്നലെ പുലർച്ചെ ഗുരുക്ഷേത്രത്തിൽ വിളക്ക് തെളിക്കാനെത്തിയവരാണ് മോഷണം വിവരം അറിയുന്നത്. തുട‌ർന്ന് ശാഖാ ഭാരവാഹികൾ പൊലീസിൽ പരാതി നൽകി. നെടുമുടി പൊലീസിന് പിന്നാലെ അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാറും സംഭവ സ്ഥലം സന്ദർശിച്ചു. കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ്, സെക്രട്ടറി പി.ആർ. രതീഷ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.