കുട്ടനാട്: കനത്തമഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ മുഴുവൻ കർഷകർക്കും അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വിളനാശം സംഭവിച്ച പാടശേഖരങ്ങൾ സന്ദർശിച്ച ശേഷം കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മടവീണ പാടശേഖരങ്ങളുടെ മടകുത്തുന്നതിനുള്ള സഹായം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മന്ത്രി പാടശേഖരങ്ങൾ സന്ദർശിച്ചത്. സി.പി.ഐ കുട്ടനാട് മണ്ഡലം സെക്രട്ടറി കെ. ഗോപിനാഥൻ, മറ്റ് നേതാക്കളായ മുട്ടാർ ഗോപാലകൃഷ്ണൻ, ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജലജകുമാരി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകാന്ത് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.