കായംകുളം: കണ്ടല്ലൂരിലെ ജനകീയനായ രാഷ്ടീയ നേതാവായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ലോക് താന്ത്രിക് ജനതാദൾ ആലപ്പുഴ ജില്ലാ പ്രസിഡന്റും ഓണാട്ടുകര വികസന ഏജൻസി മുൻ വൈസ് ചെയർമാനുമായിരുന്നു കണ്ടല്ലൂർ ശങ്കരനാരായണൻ. ജനകീയാസൂത്രണ പദ്ധതികളുടെ ആരംഭം മുതൽ ജില്ലയിൽ സാധാരണക്കാരനെ ഗുണഭോക്താക്കളാക്കാൻ അക്ഷീണം പ്രവർത്തിച്ച നേതാവായിരുന്നു.
വിദ്യാർത്ഥിയായിരിക്കുമ്പോൾ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി ഐ.എസ്.ഒ എന്ന സോഷ്യലിസ്റ്റ് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ ചേർന്നു. തുടർന്ന് നിരവധി വിദ്യാർത്ഥി സമരങ്ങളിൽ പങ്കാളിയായി. പന്നീട് സോഷ്യലിസ്റ്റ് യുവജന സഭയുടെ കായംകുളം നിയോജക മണ്ഡലം സെക്രട്ടറിയായി.
ജനതാ പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ കൂടിയാണ് അദ്ദേഹം. ജനതാ പാർട്ടി കായംകുളം മണ്ഡലം സെക്രട്ടറിയായിരിക്കെ നിയോജക മണ്ഡലത്തിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. തുടർന്ന് അദ്ദേഹം എയ്ഡഡ് കോളേജിൽ ജീവനക്കാരനായപ്പോൾ എയ്ഡഡ് കോളേജ് ജീവനക്കാരുടെ സംഘടന രൂപീകരിക്കാനും സംഘടനയുടെ സംസ്ഥാന നേതാവായും അദ്ദേഹം പ്രവർത്തിച്ചു.
കിലയുടെ ജില്ലാ ഫാക്കൽറ്റി അംഗം എന്ന നിലയിൽ അഞ്ച് വർഷം ജില്ലയിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൻ.എസ്.എസ് കോളേജിൽ നിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ചശേഷം ജനതാദളിന്റെ ജില്ലാ ജനറൽ സെക്രട്ടറിയായും പന്നീട് ജില്ലാ പ്രസിഡന്റുമായി.
ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാനായി അഞ്ച് വർഷം പ്രവർത്തിച്ച അദ്ദേഹം ഓണാട്ടുകരയിലെ കാർഷിക മേഖലയുടെ പുരോഗതിക്ക് ഗുണകരമായ നിരവധി പദ്ധതികൾ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങി. കൃഷി മന്ത്രിയായിരുന്ന കെ.പി മോഹനനെ കൊണ്ട് നിരവധി പദ്ധതികൾ ഓണാട്ടുകര മേഖലയിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. നെൽകൃഷി, എള്ള് കൃഷി എന്നിവയ്ക്ക് ഗുണകരമായ പദ്ധതികൾ, ഗ്രോ ബാഗ് കൃഷി വ്യാപകമാക്കൽ, ക്ളസ്റ്റർ രൂപീകരണം, ജലനിർഗമന ഓട നിർമ്മാണം, ഓരുവെള്ള സംരക്ഷണ പദ്ധതികൾ, മണ്ണ് സംരക്ഷണ പദ്ധതികൾ എന്നിവ നടപ്പിലാക്കുന്നതിനും നേതൃത്വം നൽകി.