ആലപ്പുഴ: കുട്ടനാടിന്റെ ജീവതാളം അഭിനയത്തിൽ സന്നിവേശിപ്പിച്ച അതുല്യനടനായിരുന്നു നെടുമുടി വേണു. നെടുമുടി തെക്കേമുറി വാലേഴം വീടിന്റെ ഉമ്മറത്തിരുന്നാണ് അനുകരണത്തിന്റെ ബാലപാഠങ്ങൾ തുടങ്ങിയത്. അച്ഛന്റെ ശബ്ദമാണ് ആദ്യമായി അനുകരിക്കാൻ ശ്രമിച്ചതെന്ന് ആലപ്പുഴയിലെ സുഹൃത്തുക്കൾ ഓർക്കുന്നു.
ചെറുപ്പത്തിൽ അച്ഛന്റെ ശബ്ദത്തിൽ സംസാരിച്ച് അമ്മ കുഞ്ഞിക്കുട്ടിഅമ്മയെ പറ്റിക്കുന്നത് പതിവായിരുന്നു. ഈ അനുകരണ ശീലവും മനസിൽ തട്ടിയ ഗ്രാമീണ അന്തരീക്ഷവും അവിടത്തെ കഥാപാത്രങ്ങളുമാണ് നെടുമുടി വേണുവിന്റെ കലാജീവിതം സമ്പുഷ്ടമാക്കിയത്. ഇതിന് ഉദാഹരണമാണ് തകരയിലെ ചെല്ലപ്പനാശാരിയും എനിക്ക് വിശക്കുന്നു എന്ന സിനിമയിലെ ഊള ചാക്കോയും.
ഊള ചാക്കോ കുട്ടനാട്ടിലെ മണി ആശാരിയാണെന്ന് കുട്ടനാട്ടുകാരനും സഹോദരതുല്യനുമായ എസ്.ഡി കോളേജ് മുൻ പ്രൊഫസർ നെടുമുടി ഹരികുമാർ പറയുന്നു. കുട്ടനാട്ടിലെ വെള്ളവും വള്ളം കളിയുമാണ് നെടുമുടിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ചെറുപ്പത്തിൽ ചമ്പക്കുളം മൂലം ജലോത്സവത്തിന്റെയും ചെറുവള്ളം കളികളുടെയും നടത്തിപ്പുകാരനായിരുന്നു.
അക്കാലത്ത് സുഹൃത്തുക്കൾക്കൊപ്പം വള്ളം തുഴഞ്ഞാണ് വള്ളംകളി കാണാൻ പോയിരുന്നത്. അഭിനയ ജീവിതത്തിൽ വഴിത്തിരിവായത് കാവാലം നാരായണപ്പണിക്കരുടെ 'തിരുവരങ്ങ് 'എന്ന നാടകക്കളരിയാണ്. കാവാലത്തിന്റെ ''ദൈവത്താർ'' എന്ന നാടകത്തിലെ കാലൻ കണിയാനിലൂടെയാണ് നെടുമുടിവേണു ശ്രദ്ധേയനായത്. കാവാലത്തിനൊപ്പം കുട്ടനാട്ടിലെ വാമൊഴിയിലും വരമൊഴിയിലും ഗവേഷണവും നടത്തിയിരുന്നു. 2019 മേയിൽ കാവാലം അനുസ്മരണ ചടങ്ങിനാണ് അദ്ദേഹം അവസാനമായി ആലപ്പുഴയിൽ എത്തിയത്.