കായംകുളം: എരുവ കോയിക്കൽപ്പടിയിൽ മൂന്ന് കടകളിലും വീട്ടിലും മോഷണം. രണ്ടര പവന്റെ ആഭരണങ്ങളും പതിനയ്യായിരം രൂപയും ഒരു ചാക്ക് അരിയും കവർന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. എരുവ കോയിക്കപ്പടിക്കൽ വരോണിൽ ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിൽ പുലർച്ചെ മൂന്നോടെയാണ് കവർച്ച നടന്നത്. പൂട്ട് തകർത്ത് അകത്ത് കടന്ന സംഘം പതിനായിരം രൂപയും ഒരുചാക്ക് അരിയും കൊണ്ടുപോയി. ഇതിനുശേഷം തൊട്ടടുത്തായി ഇസ്മയിലിന്റെ തന്നെ പാത്രം, തുണി കച്ചവട സ്ഥാപനത്തിലെ പൂട്ട് തകർത്ത് മോഷണം നടത്തി. വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.
ഇതിനുശേഷം മുന്നൂറ് മീറ്റർ വടക്ക് മാറി എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള അയ്യപ്പന്റെ വിട്ടിൽ കതക് പൊളിച്ച് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്റെ സ്വർണമാലയും അടുത്തുള്ള മറ്റൊരു സ്റ്റേഷനറി കടയിൽ നിന്ന് അയ്യായിരം രൂപയും അപഹരിച്ചു.
ജൂവലറി തുരന്ന് പത്തുകിലോ വെള്ളി ആഭരണങ്ങൾ കവർന്നതിന് പിന്നാലെയാണ് കവർച്ചാ പരമ്പര അരങ്ങേറുന്നത്. ഏതാനും ആഴ്ചകളായി കായംകുളം നഗരവും സമീപ പ്രദേശങ്ങളും കവർച്ചക്കാരെ കൊണ്ട് പൊറുതിമുട്ടിരിക്കുകയാണ്. രണ്ട് ദിവസം മുമ്പ് കായംകുളം പത്തിയൂർ റെയിൽവേ ക്രോസിന് സമീപത്തെ കല്ലറക്കൽ ഹോട്ടലിൽ നിന്ന് 43,000 രൂപ അപഹരിച്ചിരുന്നു.
വേരുവള്ളി ഭാഗം ആലയിൽ അസീസിന്റെ വീടിന്റെ അടുക്കള വാതിൽ പൊളിച്ച് മോഷണശ്രമം നടന്നിരുന്നു. കായംകുളം കണ്ണമ്പള്ളി ഭാഗത്തും നിരവധി വീടുകളിൽ മോഷണ ശ്രമമുണ്ടായി.