അടുത്ത നെഹ്‌റുട്രോഫിക്ക് നീറ്റിലിറക്കും
ഹരിപ്പാട്: ഹരിപ്പാട് കേന്ദ്രീകരിച്ചുള്ള ചുണ്ടൻവള്ളം അടുത്ത നെഹ്‌റുട്രോഫിയിൽ പങ്കെടുക്കത്തക്കവിധം നീറ്റിലിറക്കാൻ ഞായറാഴ്ച കൂടിയ പൊതുയോഗം തീരുമാനിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ പൊതുയോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.എം. രാജു അദ്ധ്യക്ഷത വഹിച്ചു. ചുണ്ടൻ വള്ള സമിതി ജനറൽ കൺവീനർ ആർ. ഹരീഷ്ബാബു സ്വാഗതം പറഞ്ഞു. നഗരസഭയിലേയും സമീപപ്രദേശങ്ങളിലെയും വാർഡുകളിൽ നിന്ന് ഒരു ദിവസം ധനസമാഹരണം നടത്താനുള്ള രമേശ് ചെന്നിത്തലയുടെ നിർദ്ദേശം പൊതുയോഗം അംഗീകരിച്ചു.
ഹരിപ്പാട് സുബ്രഹ്ണ്യക്ഷേത്രത്തിലെ വിഗ്രഹലബ്ധിയുമായി ബന്ധപ്പെട്ടാണ് പായിപ്പാട് ജലോത്സവം. ഹരിപ്പാടിന്റെ സമീപ പ്രദേശങ്ങളിലെ എല്ലാ കരകൾക്കും ചുണ്ടൻ വള്ളങ്ങൾ ഉണ്ട്. എന്നാൽ സുബ്രഹ്മണ്യക്ഷേത്രം സ്ഥിതി ചെയ്യുന്ന ഹരിപ്പാടിന് ചുണ്ടൻ വള്ളം ഇല്ല എന്ന പോരായ്മ ഇതോടെ ഇല്ലാതാകും. ചുണ്ടൻ വള്ള സമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ രൂപരേഖ അവതരിപ്പിച്ചു. ഹരിപ്പാട്ടെ താത്പര്യമുള്ള എല്ലാ വിഭാഗം ജനങ്ങളെയും ഓഹരി അടിസ്ഥാനത്തിൽ പങ്കാളികളാക്കുകയും തുടർ പ്രവർത്തനങ്ങൾക്ക് ജനകീയ കുട്ടായ്മയിലൂടെ ധനം സമാഹരിക്കുകയാണ് ലക്ഷ്യമെന്നും കൃഷ്ണകുമാർ പറഞ്ഞു. ചുണ്ടൻവള്ളം നിർമ്മിക്കുന്നതിനുള്ള മാലിപ്പുര, വള്ളപ്പുര, സമിതി ഓഫീസ്, തുടർ പ്രവർത്തനങ്ങൾ, തുഴച്ചിൽക്കാർക്ക് പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കാനായി യോജിച്ചുള്ള പ്രവർത്തനങ്ങൾ നടത്തും. ചുണ്ടൻ വള്ളങ്ങളുടെ ഉടമസ്ഥരുടെയും തുഴച്ചിൽക്കാരുടേയും അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ആർ.കെ. കുറുപ്പ്, എം.കെ.വിജയൻ, കെ.സോമൻ, ജോൺ തോമസ്, കെ.അശോകപ്പണിക്കർ, അയ്യപ്പൻ കൈപ്പള്ളി ജൂവലേഴ്‌സ്, സി.എൻ.എം നമ്പി, ജോബിൾ പെരുമാൾ, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി, രജനികാന്ത് സി. കണ്ണന്താനം, എച്ച്. ഹർഷൻ, ആർ. രതീഷ്, കലാമണ്ഡലം ബാലകൃഷ്ണൻ, കൗൺസിലർമാരായ കെ.കെ. രാമകൃഷ്ണൻ, ശ്രീവിവേക്, വിനു ആർ. നാഥ്, ഈപ്പൻ ജോൺ തുടങ്ങിയവർ സംസാരിച്ചു. ഒരു മാസത്തെ ശമ്പളം ചുണ്ടൻവള്ള നിർമ്മാണത്തിന് നൽകുമെന്ന് രമേശ് ചെന്നിത്തല പൊതുയോഗത്തിൽ പറഞ്ഞു. വള്ളം നിർമ്മാണത്തിനും ധനസമാഹരണത്തിനും എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഹരിപ്പാട് മേഖലയിൽ ശക്തരായ തുഴച്ചിൽ ക്ലബ് ഇല്ലാത്തത് പരിഹരിക്കാനുള്ള ശ്രമം ചുണ്ടൻ വള്ളസമിതി നടത്തുമെന്ന് കൺവീനർ ആർ.ഹരീഷ്ബാബു അറിയിച്ചു