അമ്പലപ്പുഴ: കാണാതായ സി.പി.എം തോട്ടപ്പള്ളി ബ്രാഞ്ചംഗം കെ.സജീവന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ വിളിപ്പിച്ച തന്നെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് കാട്ടി സി.പി.എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറി എം. മുരളി മുഖ്യമന്ത്രിക്ക് പരാതി നൽകി.
ഞായറാഴ്ച അമ്പലപ്പുഴ സ്റ്റേഷനിൽ നിന്ന് ഫോണിൽ വിളിച്ച് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. വൈകിട്ട് 5.30 ഓടെ സ്റ്റേഷനിലെത്തിയ തന്നോട് കാണാതായ സജീവനെ കൊണ്ടുവരാൻ എസ്.ഐ ടോൾസൺ ആവശ്യപ്പെട്ടു. എസ്.ഐ യോടൊപ്പം നാല് പൊലീസുകാരും ഉണ്ടായിരുന്നു.
തനിക്ക് സജീവനെക്കുറിച്ചുള്ള വിവരങ്ങൾ അറിയില്ലെന്ന് പറഞ്ഞപ്പോൾ എസ്.ഐ ഇരുകരണത്തും മാറി മാറി അടിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് മുണ്ടും ഷർട്ടും അഴിച്ചുവയ്ക്കാൻ പറഞ്ഞു. ഇതിനുശേഷം ഏറെനേരം മുട്ടുകുത്തിച്ച് നിറുത്തി. പിന്നീട് ചൂരൽ കൊണ്ട് ഇരുകാലിലും അടിച്ചു. മറ്റൊരു പൊലീസുകാരൻ ബൂട്ടുകൊണ്ട് ചവിട്ടുകയും ലാത്തികൊണ്ട് മർമ്മസ്ഥാനത്ത് കുത്തുകയും ചെയ്തു. അവശനായി താഴെ വീണതോടെ വീണ്ടും എഴുന്നേൽപ്പിച്ച് നിറുത്തി ചവിട്ടിയെന്ന് മുരളി പരാതിയിൽ പറയുന്നു. മൂന്ന് മണിക്കൂറോളം മർദ്ദനം തുടർന്നു. രാത്രി 11 ഓടെ തോട്ടപ്പള്ളി അമരയിട തോപ്പിലുള്ള വീട്ടിൽ ജീപ്പിൽ കൊണ്ടാക്കി.
സജീവൻ എവിടെയാണെന്ന് പറഞ്ഞില്ലെങ്കിൽ തെളിയാതെ കിടക്കുന്ന കേസുകൾ തന്റെ മേൽ കെട്ടിവയ്ക്കുമെന്നും പൊലീസ് പറഞ്ഞതായി മുരളി പറഞ്ഞു. ഇന്ന് രാവിലെ അവശനായ മുരളി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ മാസം 29നാണ് മത്സ്യത്തൊഴിലാളിയും പൂത്തോപ്പ് സി.പി.എം ബ്രാഞ്ച് അംഗവുമായ കെ. സജീവനെ കാണാതായത്. തുടർന്ന് 30ന് ചേരാനിരുന്ന ബ്രാഞ്ച് സമ്മേളനം മാറ്റിവച്ചു. ഡോഗ് സ്ക്വാഡിനെ വരുത്തി പൊലീസ് ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല.