puli

ആറെണ്ണം പൂർത്തിയായി

ആലപ്പുഴ: കടലാക്രമണം രൂക്ഷമായ അമ്പലപ്പുഴ, പുന്നപ്ര തീരപ്രദേശങ്ങളിലെ ആധുനിക പുലിമുട്ട് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആറു പുലിമുട്ടുകളുടെ നിർമാണം പൂർത്തിയായി.

കോമന മുതൽ പുന്നപ്ര വരെ 5.4 കിലോമീറ്റർ നീളത്തിൽ 30 പുലിമുട്ടുകളും 345 മീറ്റർ കടൽഭിത്തിയും നിർമിക്കുന്നതിനായി കിഫ്ബിയിൽ നിന്ന് 54 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മഴക്കാലത്തുണ്ടാകുന്ന അധികജലം ഒഴുകി പോകുന്നതിനായി നിലവിലുള്ള പൊഴിച്ചാലിന് തടസം വരാത്ത വിധമാണ് പുലിമുട്ടുകളുടെ നിർമാണം.

കോൺക്രീറ്റ് ചെയ്തു നിർമിക്കുന്ന ടെട്രാപോഡുകളിൽ രണ്ട് ടൺ വീതവും അഞ്ച് ടൺ വീതവും ഭാരമുള്ളവയുണ്ട്. ഓരോ പുലിമുട്ട് തമ്മിലും 100 മീറ്റർ അകലമുണ്ടാകും. കടലിലേക്ക് 40 മീറ്റർ നീളത്തിലും അഗ്രഭാഗത്ത് ബൾബിന്റെ ആകൃതിയിൽ 20 മീറ്റർ വീതിയിലുമാണ് പുലിമുട്ട് നിർമിക്കുന്നത്. മൂന്ന് തട്ടുകളിലായി പല വലിപ്പമുള്ള കരിങ്കല്ലുകൾ പാകിയതിനു ശേഷം അതിനു മുകളിൽ രണ്ട് തട്ടിൽ ടെട്രാപോഡുകളും സ്ഥാപിക്കും.

കരയിൽ നിന്നും കടലിലേക്ക് തള്ളി നിൽക്കുന്ന പുലിമുട്ടിന് തിരമാലകളുടെ പ്രഹരശേഷി കുറയ്ക്കാനും തീരം നഷ്ടപ്പെടുന്നത് പ്രതിരോധിക്കാനുമാകും. കൂടുതൽ മണൽ അടിഞ്ഞ് സ്വഭാവിക ബീച്ച് രൂപം കൊള്ളുകയും ചെയ്യും.

കോമന മുതൽ പുന്നപ്ര വരെ

1.പുലിമുട്ടുകൾ : 31

2.കടൽഭിത്തി : 345മീറ്റർ

3.അനുവദിച്ചത് : ₹54കോടി

''അമ്പലപ്പുഴ മണ്ഡലത്തിലെ പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പഞ്ചായത്തുകളിലെ കാക്കാഴം മുതൽ പുന്നപ്ര വരെയുള്ള 760 ഓളം കുടുംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും.

(ഹരൻ ബാബു, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ)