ആലപ്പുഴ: മണ്ണിന്റെ മണവും നാടൻ പാട്ടിന്റെ ഈണവും കൂട്ടുപിടിച്ച് നാടൻ കൈലിയുടുത്ത്, നാലുംകൂട്ടി മുറുക്കി നടന്ന നാളുകൾ. സിനിമാക്കാരന്റെ ജാഡകൾ ലവലേശം ബാധിക്കാത്ത നെടുമുടി വേണുവിനൊപ്പം പങ്കുവച്ച നല്ല മുഹൂർത്തങ്ങളെ വീണ്ടും ഓർമ്മയിലേക്ക് ആവാഹിക്കുകയാണ് ഗാനരചയിതാവ് ബിയാർ പ്രസാദ്. സംസ്കൃത സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുന്ന വിവരം പങ്കുവച്ച് അവസാനമായി വിളിച്ചത് അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ്. കഥകളിയും വെറ്റില മുറുക്കും ഞങ്ങളുടെ സൗഹൃദബന്ധത്തിന്റെ ആഴം കൂട്ടി. ഭരത് അവാർഡിന്റെ വക്കിലെത്തിയിട്ടും അദ്ദേഹത്തിന് ലഭിക്കാതെ പോയത് നികത്താനാവാത്ത നഷ്ടമാണ്. രണ്ട് കാലഘട്ടത്തിലാണെങ്കിലും ഒരേ കലാലയത്തിൽ, ഒരേ അദ്ധ്യാപകരുടെ ശിഷ്യരായിരുന്നുവെന്നതും എന്നെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. ആലപ്പുഴ എസ്.ഡി കോളേജ് മലയാള വിഭാഗത്തിന്റെ പൂർവവിദ്യാർത്ഥി ചടങ്ങുകളിലടക്കം സജീവമായിരുന്നു അദ്ദേഹം. ഒന്നാം ബാച്ചിലെ വിദ്യാർത്ഥിയായി അദ്ദേഹവും പതിമൂന്നാം ബാച്ചിന്റെ പ്രതിനിധിയായി ഞാനും. വ്യക്തിപരവും സാഹിത്യവും സംഗീതവും എന്നുവേണ്ട സംസാരിച്ചിരിക്കാൻ വിഷയങ്ങൾ ധാരാളമുണ്ടായിരുന്നു. 'ജലോത്സവം' എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതോടെയാണ് ബന്ധം ദൃഢമായത്. ഒരിക്കൽ പോലും വീട്ടിലെത്തിയിരുന്ന എന്നെ വിരുന്നുകാരനായി കണ്ടിരുന്നില്ല. ഞങ്ങൾ ഇരുവരും ഒരുമിച്ച് മുറുക്ക് നിറുത്തി. ഇടക്കാലത്ത് ഒന്നുകൂടി മുറുക്കണമെന്ന് വേണുച്ചേട്ടന് മോഹം തോന്നിയപ്പോഴും കൂട്ടിന് തിരഞ്ഞെടുത്തത് എന്നെയാണ്. വഴിലിരുന്ന് പാട്ടുപാടാൻ ഇനി ആ പച്ചയായ കുട്ടനാട്ടുകാരൻ ഇല്ല.