ഹരിപ്പാട്: ചിങ്ങോലി ഒന്നാം വാർഡിൽ കഴുവേറ്റുംകുന്നേൽ ഭാഗത്തെ തോടിന്റെ സംരക്ഷണഭിത്തിയുടെയും അനുബന്ധ റോഡിന്റെയും നിർമ്മാണത്തിലെ ഉദ്യോഗസ്ഥ അനാസ്ഥയ്ക്കെതിരെ ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിങ്ങോലി വില്ലേജ് ഓഫീസ് ഉപരോധിച്ചു. എത്രയും വേഗം കഴുവേറ്റുംകുന്നേൽ പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായിട്ടുള്ള ഈ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് ഉപരോധം സംഘടിപ്പിച്ചത്. അനാസ്ഥ തുടർന്നാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉപരോധത്തിന് നേതൃത്വം നൽകി. ഡി സി സി ജനറൽസെക്രട്ടറി അഡ്വ. വി. ഷുക്കൂർ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചിങ്ങോലി മണ്ഡലം പ്രസിഡന്റ് പി. ജി. ശാന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽസെക്രട്ടറി ജേക്കബ് തമ്പാൻ, ഡിഡിസി അംഗങ്ങളായ സുധാകരൻചിങ്ങോലി, എച്ച്. നിയാസ്, രൺജിത്ത് ചിങ്ങോലി, പഞ്ചായത്ത് പ്രസിഡന്റ് ജി. സജിനി, അജീർ മുഹമ്മദ്, വേണുഗോപാലൻ നായർ, സി. തുളസീധരൻ, ടി. പി. ബിജു, കേരളകുമാർ, അജയകുമാർ എന്നിവർ സംസാരിച്ചു. ഉപരോധത്തിൽ പങ്കെടുത്തവരെ കരിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
രമേശ് ചെന്നിത്തല എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച
2018-2019 വർഷത്തെ പദ്ധതിയിൽ രണ്ടാം ഘട്ട പ്രവൃത്തിയ്ക്കായി 24ലക്ഷം രൂപ അനുവദിച്ച് എല്ലാ നടപടികളും പൂർത്തിയാക്കി ടെൻഡർ ചെയ്തിരുന്നു. റവന്യു ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പണി ആരംഭിക്കാൻ കഴിയാത്തതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. തോടും പുറമ്പോക്കും അളന്നു തിട്ടപ്പെടുത്തി എത്രയും വേഗം പണി ആരംഭിക്കുന്നതിന് റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും രമേശ് ചെന്നിത്തലയുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസും നിരവധി തവണ റവന്യു-ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.