ആലപ്പുഴ: കൊവിഷീൽഡ് വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ചവർ 85-ാം ദിവസവും കൊവാക്സിനെടുത്തവർ 29-ാം ദിവസവും രണ്ടാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രണ്ടാം ഡോസ് എടുക്കുന്നതിനുള്ള അവസാന സമയപരിധി വരെ കാത്തിരിക്കുന്നത് ഒഴിവാക്കണം. ഓൺലൈനിൽ സ്ലോട്ടുകൾ ബുക്ക് ചെയ്തോ സമീപത്തെ ആരോഗ്യ കേന്ദ്രത്തിലെത്തിയോ വാക്സിനെടുക്കാം. ഇതുവരെ ഒന്നാം ഡോസ് സ്വീകരിക്കാത്തവർ എത്രയും വേഗം കുത്തിവയ്പ്പ് എടുക്കണം. ജില്ലയിൽ ഇതുവരെ 22,29,713 ഡോസ് വാക്‌സിൻ നൽകി. 15,01,495 പേർ ഒന്നാം ഡോസും 7,28,218 പേർ രണ്ടാം ഡോസും സ്വീകരിച്ചു.