ആലപ്പുഴ: എസ്.ഡി കോളേജിന് കലാരംഗത്ത് മേൽകൈ നേടിക്കൊടുത്ത മലയാളം ബി.എ ആദ്യബാച്ചിലെ വിദ്യാർത്ഥിയായിരുന്നു നടൻ നെടുമുടി വേണു. 1968 ലായിരുന്നു അഡ്മിഷൻ നേടിയത്. പി.ഡി.സി ആദ്യവർഷമല്ല വിജയിച്ചത്. മാർക്കും കുറവായിരുന്നു. അതിനാൽ മാനേജരുടെ അനുമതിയുണ്ടെങ്കിലേ അഡ്മിഷൻ ലഭിക്കൂവെന്ന് കോളേജ് പ്രിൻസിപ്പൽ വേണുവിനോട് പറഞ്ഞു.
നേരെ മാനേജർ തമ്പുരാൻ സാറിനടുത്തേക്ക്. കലയിലും സംഗീതത്തിലും തല്പരനായ അദ്ദേഹത്തോട് കലാരംഗത്തെ കഴിവുകൾ വിവരിച്ചു. ഘടം വായിക്കാനായിരുന്നു നിർദ്ദേശം.
മനോഹരമായ രീതിയിൽ ഘടം വായിച്ചു. ഉടൻ അഡ്മിഷൻ റെഡി. സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലും വേണുവും മിമിക്രിയിലും മോണോആക്ടിലും യൂണിവേഴ്സിറ്റി തലത്തിൽ വിജയിച്ച് കോളേജിലെ താരങ്ങളായി. കോളേജ് മാഗസിനിൽ എഴുതിയ കവിത, വേണുവിന് കവിയുടെ പരിവേഷവും ചാർത്തി.
അന്ന് കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകനായിരുന്ന ഡോ. അമ്പലപ്പുഴ ഗോപകുമാറുമായി ഗുരുശിക്ഷ്യ ബന്ധത്തിലുപരി അടുത്ത സൗഹൃദമായിരുന്നു. പതിവായി സുഭാഷിതം അവതരിപ്പിച്ച ഗോപകുമാറിന്റെ ശബ്ദത്തിലുള്ള വ്യത്യാസം മനസിലാക്കി തിരുവനന്തപുരത്ത് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയത് അദ്ദേഹം അനുസ്മരിച്ചു.