കാനയില്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ല
ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തിപ്രാപിച്ചതോടെ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളിലെ വീടുകൾ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ നഗരസഭ ഭരണകാലത്ത് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പണിത റോഡുകളാണ് വെള്ളക്കെട്ടിന് വഴിയൊരുക്കുന്നത്.
റോഡുകൾ ഉയർത്തിയപ്പോൾ സമീപത്ത് കാനയോ റോഡിന്റെ ഇരുവശവും വെള്ളം ഒഴുകിപ്പോകാനുള്ള മറ്റ് മാർഗമോ ഒരുക്കിയില്ല. പുന്നമട വാർഡിൽ നിരവധി വീടുകളിൽ വെള്ളം കയറിയതോടെ താമസക്കാർ കടുത്ത ദുരിതത്തിലാണ്. പകർച്ചവ്യാധി ഭീഷണിയും ഉയരുന്നു. വെള്ളം ഒഴുകിപ്പോകാൻ മാർഗം സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൈപ്പ് ലൈനിടാൻ വേണ്ടി കുഴിച്ച ഇടറോഡുകളുടെ പുനർനിർമ്മാണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ടൈൽ പാകിയിരുന്ന റോഡ് കുഴിച്ചിട്ടപടി കിടക്കുന്നത് കാരണം യാത്രാക്ലേശവുമുണ്ട്. ജനങ്ങളുടെ ദുരിതം മനസിലാക്കി ഉടൻതന്നെ പ്രശ്ന പരിഹാരം കാണുമെന്നാണ് നഗരസഭാധികൃതർ പറയുന്നത്.
കഴിഞ്ഞ ഭരണസമിതിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ജനങ്ങളുടെ ദുരിതം മനസിലാക്കി വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കും. വാർഡ് കൗൺസിലർമാർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്
(സൗമ്യ രാജ്,നഗരസഭ ചെയർപേഴ്സൺ)
'' പ്രദേശത്തെ വീടുകളിൽ വെള്ളം കെട്ടിനിൽക്കുന്നതാി പരാതികൾ ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കാണും. ശനിയാഴ്ച നഗരസഭ അദ്ധ്യക്ഷയ്ക്ക് പരാതി നൽകും.
(ശ്രീലേഖ,വാർഡ് കൗൺസിലർ പുന്നമട)
അമൃത് പദ്ധതി വഴി റോഡ് നിർമ്മിച്ചപ്പോൾ ഇതോടൊപ്പം കാനയും നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ചെവിക്കൊണ്ടില്ല. വീടിനു ചുറ്റിനും വെള്ളം കെട്ടിക്കിടക്കുന്നത് ആരോഗ്യത്തിനും ഭീഷണി ഉയർത്തുന്നു . വെള്ളം ഒഴുകിപ്പോകാൻ തോടുകൾ ചുറ്റും ഉണ്ടെകിലും ഇടത്തോടുകൾ ചിലർ നികത്തി സ്വന്തം സ്ഥലമാക്കി.
(പുന്നമട നിവാസികൾ)