ആലപ്പുഴ : സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കണിയാംകുളത്ത് പ്രവർത്തിക്കുന്ന ജില്ലാ ജിംനാസ്റ്റിക്സ് കേന്ദ്രം പരാധീനതകൾക്ക് നടുവിൽ. അരയേക്കറോളം വരുന്ന സ്ഥലം കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. രാത്രിയായാൽ സാമൂഹ്യവിരുദ്ധരും ഇവിടം താവളമാക്കും.
കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ കെട്ടിടത്തിലെ ഉപകരണങ്ങൾ തുരുമ്പെടുത്ത നിലയിലാണ്. പരിശീലകനെയും നിയമിച്ചിട്ടില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വേതനം കൈപ്പറ്റാതെ പരിശീലകന്റെ റോൾ നിർവഹിക്കുന്നത്.
കളർകോട് സ്വദേശി ജി.പി.നായർ ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായിരിക്കെ 1995ലാണ് ജില്ലാ ജിംനാസ്റ്റിക്സ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ആരംഭകാലത്ത് വാങ്ങിയ പരിശീലന ഉപകരണങ്ങൾ പലതും ദ്രവിച്ച് ഇപ്പോൾ ഉപയോഗശൂന്യമായി. അന്താരാഷ്ട്ര നിലവാരത്തിൽ ബാഡ്മിന്റൺ കോർട്ട് ഇവിടെ നിർമ്മിക്കും എന്ന വാഗ്ദാനവും പാഴ്‌വാക്കായി. ജിംനാസ്റ്റിക്സ് കേന്ദ്രത്തോട് ചേർന്നുള്ള കുളം സംരക്ഷിച്ച് വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുമെന്ന നിർദ്ദേശവും വെള്ളത്തിൽ വരച്ച വരയായി മാറി. സ്വകാര്യ ജിംനാസ്റ്റിക് സെന്ററുകൾ കൂണുപോലെ പൊങ്ങുമ്പോഴാണ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള ജിംനാസ്റ്റിക് സെന്ററിന് ഈ ദുര്യോഗം.
പരിശീലനത്തിന്
ആളില്ല !
കൊവിഡിന് മുമ്പ് പ്രതിദിനം രാവിലെയും വൈകിട്ടും 50പേർ പരിശീലനത്തിന് എത്തിയിരുന്നെങ്കിൽ ഇപ്പോൾ 20പേരാണ് ഇവിടെ പരിശീലനത്തിന് എത്തുന്നത്. സ്വകാര്യകേന്ദ്രങ്ങളിൽ മാസം 650മുതൽ 750രൂപ വരെ ഫീസ് ഈടാക്കുമ്പോൾ ജില്ലാ ജിംനാസ്റ്റിക്സ് കേന്ദ്രത്തിൽ 100രൂപ മാത്രമാണ് പ്രതിമാസ ഫീസ്. മികച്ച പരിശീലകന്റെ അസാന്നിദ്ധ്യവും ആധുനിക ഉപകരണങ്ങൾ ഇല്ലാത്തതുമാണ് പരിശീലനത്തിന് എത്തുന്നവരുടെ എണ്ണം കുറയാൻ കാരണം.
എങ്ങുമെത്താത്ത പദ്ധതി
ജിംനാസ്റ്റിക് സെന്റിന്റെ വികസനത്തിനായി ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഒരു കോടി രൂപയുടെ പദ്ധതി സർക്കാരിൽ സമർപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരാവാഹികൾ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർപ്രവർത്തനങ്ങൾ കൊവിഡിനെ തുടർന്ന് അനിശ്ചിതത്വത്തിലായി. മൂന്ന് നിലയിലുള്ള കെട്ടിട സമുച്ചയത്തിനാണ് പദ്ധതി തയ്യാറാക്കിയത്. താഴത്തെ നിലയിൽ ജിംനാസ്റ്റിക്സ് കേന്ദ്രം, ഒന്നാം നിലയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസ്, രണ്ടാം നിലയിൽ ഷട്ടിൽ കോർട്ട് എന്നിവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുള്ളത്.
വാർഡ് കൗൺസിലർക്ക് പോലും പ്രവേശനം ഇല്ലാതെ, ആർക്കും ഗുണകരമല്ലാത്ത തരത്തിൽ സ്വകാര്യ സ്വത്തുപോലെയാണ് ജിംനാസ്റ്റിക്സ് കേന്ദ്രത്തിന്റെ പ്രവർത്തനം. കാടുകയറിക്കിടക്കുന്ന സ്ഥലം പൊതു ആവശ്യത്തിനായി ഉപയോഗിക്കണം. അങ്കണവാടിക്ക് രണ്ട് സെന്റ് സ്ഥലം ഇവിടെ അനുവദിക്കണം.
-സജീഷ് ചാക്കുപറമ്പിൽ,
വാർഡ് കൗൺസിലർ