vellakkettu
മാന്നാർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ കടപ്രമഠം മണപ്പുറത്ത് റോഡിലെ വെള്ളക്കെട്ട്

മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ കടപ്രമഠം മണപ്പുറത്ത് റോഡിലെ വെള്ളക്കെട്ടിൽ നീന്താൻ വിധിക്കപ്പെട്ട് കഴിയുകയാണ് പതിനഞ്ചോളം കുടുംബങ്ങൾ. ഏഴു മാസത്തോളമായിട്ടും ദുരിതം വിട്ടൊഴിയാതെ കഴിയുന്ന ഈ കുടുംബങ്ങൾ വീണ്ടും മഴയെത്തിയപ്പോൾ കടുത്ത ആശങ്കയിലാണ്. കടപ്രമഠം ജംഗ്ഷനു സമീപത്ത് നിന്നും കിഴക്കോട്ട് കിടക്കുന്ന പഞ്ചായത്ത് റോഡിലാണ് വെള്ളക്കെട്ട് ഒഴിയാബാധയായി കിടക്കുന്നത്. ഈ റോഡിനോട് ചേർന്നുള്ള കുളം കരകവിഞ്ഞ് വെള്ളം റോഡിൽ നിറഞ്ഞ് നിൽക്കുകയാണ്. ഇരുചക്ര വാഹനങ്ങൾക്ക് കടന്ന് പോകാൻ മാത്രം വീതിയുള്ള ഈ റോഡിലൂടെ നീന്തിക്കടക്കാനാണ് പ്രദേശ വാസികൾക്ക് വിധി. ഇവർ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്ത് മുതൽ പൊതുമരാമത്ത് മന്ത്രിതലം വരെ പരാതികൾ പോയെങ്കിലും പരിഹാരം ഇതുവരെ ഉണ്ടായില്ല. റോഡിൽ നിന്നും വെള്ളം ഒഴുകിപ്പോകാൻ സമീപത്തുള്ള കുരട്ടിശേരി കോവുമ്പുറം പുഞ്ചയിലേക്ക് ഒരു ഓട നിർമ്മിച്ചാൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയും.

മന്ത്രി​ പരി​ഹാരം കാണുമെന്ന പ്രതീക്ഷയി​ൽ നാട്ടുകാർ

ആദ്യ തവണ എം.എൽ.എ ആയിരുന്നപ്പോൾ സജി ചെറിയാൻ ഇടപെട്ട് ഓട നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്തിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി നടന്നില്ല. ഇത്തവണ മന്ത്രി കൂടിയായ സജി ചെറിയാൻ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.