മുഹമ്മ: കായിപ്പുറം കുടിലിക്കവലയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് കക്കാ നീറ്റു ചൂള നിർമിക്കുന്നതിനെതിരെ നാട്ടുകാർ ദീപം തെളിയിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ചൂളവിരുദ്ധ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കുടിലിക്കവല മുതൽ സംസ്കൃതം ഹൈസ്കൂൾ കവല വരെയുള്ള റോഡരികിൽ നാട്ടുകാർ പ്രതിഷേധമറിയിച്ച് മെഴുകുതിരി തെളിയിച്ചു. മുഹമ്മ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ സി.ഡി വിശ്വനാഥൻ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് പ്രൊഫ. പി. എ കൃഷ്ണപ്പൻ, കൺവീനർ കെ. ആർ പ്രതാപൻ എന്നിവർ സംസാരിച്ചു.
ദീപം തെളിയിച്ച ശേഷം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള നിരവധി പേർ പങ്കെടുത്ത പ്രതിഷേധം പ്രകടനം നടത്തി. കായിപ്പുറം കവല ചുറ്റി പ്രകടനം കുടിലിക്കവലയിൽ അവസാനിച്ചു. ചൂള നിർമാണത്തിനെതിരെ പൗരസമിതിയുടെ നേതൃത്വത്തിൽ ശക്തമായ സമരം നടത്തുമെന്ന് കൺവീനർ കെ. ആർ. പ്രതാപൻ അറിയിച്ചു.