അമ്പലപ്പുഴ: സി.പി.എം പ്രവർത്തകനായ മത്സ്യതൊഴിലാളിയെ കാണാതായ സംഭവത്തിൽ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയേക്കും. സി.പി.എം പൂത്തോപ്പ് ബ്രാഞ്ച് കമ്മിറ്റിയംഗം കൂടിയായ പൊരിയന്റെ പറമ്പിൽ സജീവനെയാണ് ബ്രാഞ്ച് സമ്മേളനം നടക്കേണ്ട ദിവസത്തിന്റെ തലേന്ന് കാണാതായത് . അമ്പലപ്പുഴ പൊലീസിന് ഇതുവരെ സജീവനെക്കുറിച്ച് ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ ആലോചിക്കുന്നത്. സജീവിനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനവും മാറ്റി വെച്ചിരുന്നു. ജോലിക്ക് പോയസജീവൻ പുത്തൻ നടയിൽ നിന്നും തോട്ടപ്പള്ളിയിൽ ഓട്ടോ റിക്ഷയിൽ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. സൈബർ സെൽ .ഡോഗ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ അന്വേഷണം ശക്തമാക്കിയെങ്കിലും കേസിൽ ഒരു തുമ്പുംകണ്ടെത്താൻ ലോക്കൽ പൊലീസിന് കഴിഞ്ഞിട്ടില്ല. സജീവിനെ കാണാതായതിന് ശേഷം ബന്ധുക്കൾ മുഖ്യ മന്ത്രിക്ക് ഉൾപ്പെടെ പരാതിയും നൽകിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ അഞ്ചുമണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് ബ്രാഞ്ച് സെക്രട്ടറി ആരോപിച്ചിരുന്നു.