a
ജി.എസ്.ലാലിന്റെ സഹോദരി രാധയും നെടുമുടി വേണുവും കോളേജ് ക്യാന്റീനിൽ ഒരു കാപ്പി സൽക്കാരത്തിൽ പങ്കെടുക്കുന്ന ചിത്രം

മാവേലിക്കര: ഉമ്പർനാട് ആകാശ് ഭവനത്തിൽ ജി.എസ് ലാലിന് പങ്കുവയ്ക്കാനുള്ളത് നെടുമുടി വേണുവുമായുള്ള
അര നൂറ്റാണ്ട് മുമ്പുള്ള കൂടിക്കാഴ്ചയുടെ മധുരിക്കുന്ന ഓർമ്മകളാണ്. തന്റെ ജ്യേഷ്ഠത്തി ഊർമിള ചേച്ചിയും കുഞ്ഞമ്മയുടെ മകൾ രാധാചേച്ചിയും എസ്.ഡി കോളേജിൽ പഠിക്കുന്ന കാലമായിരുന്നു അതെന്ന് ലാൽ 53 വർഷത്തിന് മുൻപത്തെ ആ സന്ദർഭം ഓർത്തെടുക്കുന്നു. അന്ന് അദ്ദേഹം വെറും വേണുഗോപാൽ ആയിരുന്നു.

ഒരു ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടുകൂടി തോട്ടപ്പള്ളിയിലുള്ള ഞങ്ങളുടെ കുടുംബ വീടായ മാവിന്നെയിൽ ഒരു കൂട്ടുകാരനുമായി വന്നു. രാധാചേച്ചി മലയാളം ബി.എയ്ക്കും ഊർമിള ചേച്ചി ഇംഗ്ലീഷ് ബി.എയ്ക്കുമാണ് പഠി​ക്കുന്നത്. കോളേജ് മാഗസിനിൽ എന്തോ എഴുതാൻ വേണ്ടി എഡിറ്റർ എന്ന നിലയിലാണ് നെടുമുടി വേണു വീട്ടിൽ എത്തിയത്. പിന്നീട് അന്നത്തേ വേണു ഗോപാൽ വലിയ നടനായി നെടുമുടി വേണു ആയി​. അപ്പോഴും സഹോദരിമാരുമായുള്ള സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു.രാധാചേച്ചിയും നെടുമുടി വേണുവും കോളേജ് കാന്റീനിൽ ഒരു കാപ്പി സൽക്കാരത്തിൽ പങ്കെടുക്കുന്ന ചിത്രം ഇന്നും ഒരു നിധി പോലെ വീട്ടിൽ സൂക്ഷിക്കുന്നുണ്ട്. വലിയമ്മയുടെ മകൾ എൽ.രാധമ്മ കഴിഞ്ഞ വർഷം മരിച്ചിരുന്നു. നെടുമുടി വേണുവിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തിയ ജി.എസ് ലാൽ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടാത്തതിലുള്ള ദുഖവും മറച്ചുവെച്ചില്ല.