ചേർത്തല: രണ്ടുദിവസങ്ങളായി തോരാതെ പെയ്യുന്ന മഴയിൽ താലൂക്കിൽ 1000ത്തിലധികം വീടുകൾ വെള്ളത്തിലായി.കടക്കരപ്പള്ളി ആറാം വാർഡിൽ വീടിനുസമീപത്തെ വെള്ളക്കെട്ടിൽ വീണ് അംഗപരിമിതനായ പൊള്ളയിൽ ചിറയിൽ വാസുദേവൻ(70)മരിച്ചു. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും തഹസിൽദാർക്കും ജില്ലാ കളക്ടർക്കും പ്രദേശവാസികൾ പരാതി നൽകിരുന്നെങ്കിലും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.അധികൃതരുടെ അനാസ്ഥയാണ് വാസുദേവന്റെ മരണത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.പട്ടണക്കാട് പാറയിൽ വീട്ടിൽ വെള്ളംകയറിയതിനാൽ അഞ്ചംഗ കുടുംബത്തെ സമീപത്തെ അങ്കണവാടിയിലേക്കു മാറ്റി. തുറവൂർ പള്ളിത്തോട്ടിലും പാടശേഖരങ്ങളിൽ ജലനിരപ്പുയരുന്നത് ഭീഷണിയാകുന്നുണ്ട്.താഴ്ന്ന പ്രദേശങ്ങൾക്ക് പുറമേ
താലൂക്കിലെ കായലോരമേഖലകളിലും വലിയ വെള്ളക്കെട്ടായി.വേമ്പനാട്ടുകായലിലേക്ക് കിഴക്കൻ വെള്ളവും ഒഴുകിയെത്തുന്നതോടെ ജലനിരപ്പുയർന്നു.കടലോരത്ത് കടൽ കയറ്റ ഭീഷണിയുമുണ്ട്. കടലോര പഞ്ചായത്തുകളായ മാരാരിക്കുളം വടക്ക്, ചേർത്തല തെക്ക്, കടക്കരപ്പള്ളി,പട്ടണക്കാട്,തുറവൂർ,കുത്തിയതോട് എന്നിവിടങ്ങളിലും തണ്ണീർമുക്കം,മുഹമ്മ,വയലാർ,പള്ളിപ്പുറം,പാണാവള്ളി,തൈക്കാട്ടുശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുത വീടുകൾ വെള്ളത്തിലായത്.
മഴദുരിതം നേരിടാൻ എല്ലാ വില്ലേജുകളിലും ക്രമീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുറക്കാനാണ് തീരുമാനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്.