അരൂർ: സ്വകാര്യ ബസിനു പിന്നിൽ ടൂറിസ്റ്റ് ബസിടിച്ചു 3 യാത്രക്കാർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന മലപ്പുറം പുലത്തോൾ ചിയാംപറമ്പിൽ ഫാത്തിമക്കുട്ടി (54), ഫാത്തിമ നദാ (16), മുഹമ്മദ് നിഹാൽ (9) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു ബസുകളിലും ഉണ്ടായിരുന്ന പത്തോളം പേർക്ക് നിസാര പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.ദേശീയ പാതയിൽ അരൂർ ക്ഷേത്രം കവലയിൽ ഇന്നലെ രാവിലെ 9നായിരുന്നു അപകടം. കവലയിൽ സിഗ്നൽ കാത്ത് കിടക്കുകയായിരുന്ന സ്വകാര്യ ബസിനു പിന്നിൽ അതിവേഗത്തിൽ എത്തിയ ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. കളമശേരിയിൽ നിന്ന് എരമല്ലൂർക്ക് പോകുകയായിരുന്നു സ്വകാര്യ ബസ് . മലപ്പുറം വളാഞ്ചേരിയിൽ നിന്ന് ആലപ്പുഴക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ് . അരൂർ പൊലീസ് കേസെടുത്തു.