ആലപ്പുഴ : മുൻഗണനേതര വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ സബ്സിഡിയോടെ കിലോഗ്രാമിന് 15 രൂപ നിരക്കിൽ നൽകി വന്ന അരി റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നു. ആവശ്യക്കാരുണ്ടെങ്കിലും വിതരണം നിറുത്തിവയ്ക്കാനുള്ള സർക്കാർ ഉത്തരവാണ് റേഷൻ വ്യാപാരികൾക്ക് തിരിച്ചടിയായത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി റേഷൻ കടകളിലൂടെ മുൻഗണനേതര വിഭാഗത്തിലെ കാർഡുകാർക്ക് സ്പെഷ്യൽ അരി കിലോഗ്രാമിന് 15രൂപയ്ക്ക് വിതരണം ചെയ്ത് വരികയായിരുന്നു. ഇങ്ങനെ വിതരണം ചെയ്യാനായി എടുത്ത ക്വിന്റൽ കണക്കിന് അരി റേഷൻകടകളിൽ സ്റ്റോക്കുണ്ട്. ഈ അരിയുടെ തുക റേഷൻ വ്യാപാരികൾ സർക്കാരിലേയ്ക്ക് മുൻകൂറായി അടച്ചതാണ്. അരി വിൽക്കാൻ കഴിയാതെ വന്നാൽ റേഷൻ വ്യാപാരികൾക്ക് കനത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.
സ്പെഷ്യൽ അരി
മാസംതോറുമുള്ള സാധാരണ റേഷൻ വിഹിതത്തിന് പുറമേ മുൻഗണനേതര വിഭാഗത്തിൽപ്പെട്ട നീല,വെള്ള കാർഡുകൾക്ക് നൽകുന്ന അരിയാണിത്. 22.50 രൂപയ്ക്ക് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ നിന്ന് വാങ്ങുന്ന അരിയാണ് 15 രൂപ നിരക്കിൽ 10 കിലോഗ്രാം വീതം കാർഡുടമകൾക്ക് നൽകുന്നത്. മുൻകൂർ പണമടച്ച് എത്തിക്കുന്ന അരിയായതിനാൽ വിറ്റഴിച്ചാലേ റേഷൻകട ഉടമകൾക്ക് പണം കൈയിൽ വരൂ.
ജില്ലയിൽ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന അരി.................4835 ക്വിന്റൽ
റേഷൻ വ്യാപാരികൾ അരിയെടുക്കാൻ അടച്ച തുക.............₹72.52 ലക്ഷം
റേഷൻ കടകളിൽ കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. കടകളിൽ സ്ഥലപരിമിതിയുണ്ട്. കൂടാതെ, അരി മോശമാകാനും സാദ്ധ്യതയുണ്ട്. സ്പെഷ്യൽ അരി ഈ മാസം തന്നെ വിറ്റു തീർക്കുന്നതിനുള്ള ഉത്തരവ് സർക്കാർ ഇറക്കണം.
-(എൻ.ഷിജീർ, ഓർഗനൈസിംഗ് സെക്രട്ടറി,കെ.എസ്.ആർ.ആർ.ഡി.എ)