suresh

ആലപ്പുഴ: രണ്ടുവർഷത്തിന് ശേഷം അദ്ധ്യയന വർഷം ഒഫ് ലൈനാകുന്നതോടെ സ്കൂളുകൾ പുതുമോടിയിലാക്കുന്ന തിരക്കിലാണ് അദ്ധ്യാപകരും പി.ടി.എ അംഗങ്ങളും. എന്നാൽ അമ്പലപ്പുഴ കോമന കെ.കെ.കെ.എം എൽ.പി സ്കൂളിൽ ഹെഡ്മിസ്ട്രസ് പി. ശ്രീലതയും ഏക അദ്ധ്യാപകൻ എസ്. സുരേഷും മാത്രമാണുള്ളത്.

നിർദ്ധന കുട്ടികൾ പഠിക്കുന്ന സ്കൂളായതിനാൽ പ്രതിഫലം നോക്കാതെയാണ് ഇരുവരും കുട്ടികൾക്ക് തുണയാകുന്നത്. കാടുപിടിച്ച് കിടന്ന സ്കൂൾ പരിസരം വൃത്തിയാക്കി. ക്ലാസ് മുറികളിലെ അന്തരീക്ഷം രസകരമാക്കുന്നതിന് സുരേഷ് കുമാർ ചുവരുകൾ കാൻവാസാക്കി. എല്ലായിടത്തും പൂക്കളും പൂമ്പാറ്റകളും നിറഞ്ഞു.

സുരേഷിനെ സഹായിക്കാനായി മംഗലം സ്കൂളിലെ അദ്ധ്യാപകനായ പ്രശാന്തും ഒപ്പം കൂടിയിട്ടുണ്ട് എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ 36 കുട്ടികളാണ് പഠിക്കുന്നത്. രണ്ട് അദ്ധ്യാപക നിയമനം കൂടി നടത്താമെങ്കിലും കുട്ടികളുടെ എണ്ണക്കുറവ് തടസമാണ്. ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം, വൈദ്യുതി ബിൽ, വെള്ളക്കരം, കുട്ടികൾക്കുള്ള വാഹനം, മറ്റ് ചെലവുകൾ എന്നിവ അദ്ധ്യാപകരുടെ ശമ്പളത്തിൽ നിന്നാണ് നൽകുന്നത്.

ഇവരുടെ ജോലി നിലനിറുത്തുന്നതിന് ഉപരിയായി സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികളുടെ പഠനം മുടങ്ങരുതെന്ന ലക്ഷ്യമാണ് ഈ അദ്ധ്യാപകർക്കുള്ളത്. നവംബർ 1ന് ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് കണ്ണിന് ഇമ്പമുള്ള കാഴ്ച ഒരുക്കുന്ന തിരക്കിലാണ് സുരേഷ് കുമാർ.