ambala
പുന്നപ്ര തെക്കു പഞ്ചായത്ത് അഞ്ചാം വാർഡിലെ പൊന്നാകരി ബണ്ട് റോഡ്

അമ്പലപ്പുഴ : റോഡ് ചെളിക്കുണ്ടായി മാറിയതോടെ പുറത്തേക്കിറങ്ങാനാവാതെ ജനങ്ങൾ ദുരിതത്തിൽ.പുന്നപ്ര തെക്കു പഞ്ചായത്ത് അഞ്ചാം വാർഡിലെ പൊന്നാകരി ബണ്ടിലൂടെയുള്ള റോഡാണ് സഞ്ചാരയോഗ്യമല്ലാതായത്.

കരിമ്പാവളവ്, പൊന്നാകരി ചിറ ഭാഗങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ദേശീയ പാതയിലെത്താനുള്ള ഏക മാർഗമാണ് ഈ റോഡ്. സ്കൂളുകൾ തുറക്കുന്നതോടെ പ്രദേശത്തെ വിദ്യാർത്ഥികൾ എങ്ങനെ സ്കൂളിൽ പോകും എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. അവശ്യഘട്ടത്തിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽ കിലോമീറ്ററുകളോളം താങ്ങിയെടുത്ത് മുട്ടറ്റം താഴുന്ന ചെളിക്കുണ്ടിലൂടെ നടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ഏതാനും ദിവസങ്ങളായി പെയ്യുന്ന തോരാമഴയെത്തുടർന്ന് റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.