അമ്പലപ്പുഴ: നാടോടി സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യുവാവിനെ തോട്ടപ്പള്ളിയിലെത്തിച്ച് തെളിവെടുത്തു. തോട്ടപ്പള്ളി സ്പിൽവേ കനാലിന് വടക്ക് കുടുംബിക്കാട് ക്ഷേത്രത്തിന് സമീപം ഷെഡിൽ താമസിച്ചിരുന്ന മോളമ്മയുടെ (47) മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കൂടെ താമസിച്ച സുനിലിനെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
വിവിധ സ്ഥലങ്ങളിൽ കൈനോട്ടം നടത്തി നാടോടികളായാണ് ഇവർ താമസിച്ചിരുന്നത്. കിട്ടുന്ന പ്രതിഫലം കൊണ്ട് മദ്യപിച്ച ശേഷം മോളമ്മയുമായി ഇയാൾ സ്ഥിരമായി വാക്കേറ്റവും വഴക്കും നടത്തിയിരുന്നതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകി. മരണത്തിന്റെ ദിവസങ്ങൾക്ക് മുമ്പ് മോളമ്മയെ തലയ്ക്കും വയറിനും കമ്പിവടിവച്ച് അടിച്ചെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇവർ അവശനിലയിലായിരുന്നു. എന്നാൽ ഇവരെ ചികിത്സിക്കാൻ ഇയ്യാൾ തയ്യാറിയില്ല. തുടർന്ന് ആന്തരിക രക്ത ശ്രാവമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മർദ്ദിക്കാൻ ഉപയോഗിച്ച വടി ഇയാൾ പൊലീസിന് കാണിച്ചുകൊടുത്തു. സമീപം താമസിച്ചിരുന്ന നാടോടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.