s
കുത്തിയതോട് സബ് ട്രഷറി

തുറവൂർ : 40 വർഷത്തിലേറെയായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുത്തിയതോട് സബ് ട്രഷറിയ്ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് അധികൃതർ. സ്ഥല പരിമിതിയും കെട്ടിടത്തിന്റെ ജീർണാവസ്ഥയും കാരണം ട്രഷറിയിലെത്തുന്നവരും ജീവനക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്.

എ.എം.ആരിഫ് എം.എൽ.എ ആയിരിക്കെ പഴയ ദേശീയപാതയ്ക്കരികിൽ കുത്തിയതോട് കൃഷിഭവൻ ഓഫീസിന് മുന്നിലുള്ള സർക്കാർ വക സ്ഥലത്ത് ട്രഷറിയ്ക്കായി കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തുടർനടപടിയുണ്ടായില്ല.

1981 ഏപ്രിലിലാണ് കുത്തിയതോട് പഴയപാലത്തിനരികിൽ എൻ.കെ.പി. ബിൽഡിംഗിൽ സബ് ട്രഷറി പ്രവർത്തനമാരംഭിച്ചത്. ഇവിടെ പെൻഷൻ വാങ്ങാനെത്തുന്നവർ വെയിലും മഴയുമേറ്റ് കെട്ടിടത്തിന് വെളിയിൽ നിൽക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ആകെ മൂന്ന് മീറ്റർ വീതി മാത്രമുള്ള റോഡിന്റെ തൊട്ടരികിലാണ് ട്രഷറി. ട്രഷറി കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് കാലെടുത്ത് വയ്ക്കുന്നത് ഈ റോഡിലേക്കാണ്. ശ്രദ്ധ ഒന്ന് തെറ്റിയാൽ വാഹനമിടിക്കാനോ തൊട്ടു മുന്നിലെ കുത്തിയതോട് കായലിലേക്ക് തെന്നി വീഴാനോ സാദ്ധ്യതയേറേയാണ്. പെൻഷൻകാരുടെ സംഘടനകൾ പ്രശ്ന പരിഹാരത്തിനായി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് കാലമേറെയായി. വിവിധ വകുപ്പുകളിൽ നിന്ന് വിരമിച്ച 1800ഓളം പേർ പെൻഷൻ വാങ്ങാൻ ഈ ട്രഷറിയെയാണ് ആശ്രയിക്കുന്നത്.

നിൽക്കാൻ പോലും ഇടമില്ല

1.ഗ്രൗണ്ട് ഫ്ലോറിലും ഒന്നാം നിലയിലുമായാണ് ട്രഷറി പ്രവർത്തനം

2.താഴത്തെ നിലയിൽ കാഷ് കൗണ്ടറും ഓഫീസും

3.ഒന്നാം നിലയിൽ കമ്പ്യൂട്ടർ, സ്റ്റോർ മുറികൾ

4.ഓഫീസർ ഉൾപ്പടെ 12 ജീവനക്കാരാണ് ട്രഷറിയിലുള്ളത്

5.അഞ്ചു പേർക്ക് പോലും ഒരുമിച്ച് നിൽക്കാനുള്ള സൗകര്യമില്ല

6.കെട്ടിടത്തിലുള്ളത് ഒരു ശൗചാലയം മാത്രം

മാസവാടക : ₹25,000