photo

ആലപ്പുഴ: പുന്നപ്ര - വയലാർ സമരത്തിന്റെ ആക്ഷൻ കൗൺസിൽ കൺവീനറും, തിരുവിതാംകൂർ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുമായിരുന്ന കെ.വി. പത്രോസിന്റെ ഓർമ്മ പുതുക്കി എ.ഐ.ടി.യു.സി. സമരത്തിന് ശേഷം നടന്ന സമ്മേളനങ്ങളിൽ ഒരിക്കൽപ്പോലും പത്രോസിന് രക്തസാക്ഷികൾക്കുള്ള ആദരവ് നൽകിയിരുന്നില്ല.

ഇത്തവണ 75-ാം വാർഷികാചാരണത്തിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ നേതാക്കളെ ആദരിക്കാനായി എ.ഐ.ടി.യു.സി പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുകയായിരുന്നു. സമരനായകൻ ടി.വി. തോമസിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു തുടക്കം. തുടർന്ന് രക്തസാക്ഷി അനുസ്മരണ സമ്മേളനവും ചേർന്നു. വലിയ ചുടുകാട്, മാരാരിക്കുളം, വയലാർ രക്തസാക്ഷി മണ്ഡപങ്ങളിലും സമരത്തിന് നേതൃത്വം നൽകിയ തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്‌സ് യൂണിയൻ ഓഫീസിലും സമരസേനാനികളായ എം.ടി. ചന്ദ്രസേനൻ, കെ.വി. പത്രോസ്, കെ.കെ. കുഞ്ഞൻ, പി.ജി. പത്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും നേതാക്കൾ പുഷ്പാർച്ചന നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, നേതാക്കളായ ടി.ജെ. ആഞ്ചലോസ്, പി.വി. സത്യനേശൻ, വി. മോഹൻദാസ്, ആർ. പ്രസാദ്, ഡി.പി. മധു, പി. ജ്യോതിസ്, ആർ. അനിൽകുമാർ, ആർ. സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

എല്ലാവരും മറന്ന

കുന്തക്കാരൻ പത്രോസ്

സമരത്തിന് ശേഷം പാർട്ടിയിൽ സജീവമല്ലായിരുന്ന കെ.വി. പത്രോസിനെ മരണത്തിന് ശേഷം രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും മറന്നു. തിരുവിതാംകൂറിനെ ചുവപ്പിച്ച സമരത്തിന്റെ ഓർമ്മകളിലോ രക്തസാക്ഷിമണ്ഡപങ്ങളിലോ ഈ തൊഴിലാളി നേതാവിന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. 1938ൽ ആലപ്പുഴ കയർഫാക്ടറി പണിമുടക്ക് നടന്നത് പത്രോസിന്റെ നേതൃത്വത്തിലായിരുന്നു. യന്ത്രത്തോക്കിനെതിരെ വാരിക്കുന്തം ഉയർന്നതോടെ പത്രോസ് കേരളമാകെ 'കുന്തക്കാരൻ പത്രോസ്' എന്നറിയപ്പെട്ടു. യൂണിയൻ തീരുമാനത്തിന്റെ ഭാഗമായാണ് പത്രോസിന്റെ മംഗലത്തെ കുഴിമാടത്തിൽ പുഷ്പാർച്ചന നടത്തിയതെന്ന് തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ പറഞ്ഞു.