ചേർത്തല: ആറുമാസം മുമ്പ് മരിച്ച കണ്ടക്ടറെ ചേർത്തല ഡിപ്പോയിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് സ്ഥലംമാറ്റി കെ.എസ്.ആർ.ടി.സിയുടെ ഉത്തരവ്. ചേർത്തല ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പൂച്ചാക്കൽ സ്വദേശി ഫസൽ റഹ്മാൻ(36)ആറ് മാസം മുമ്പ് കൊവിഡ് ബാധിതനായി മരിച്ചിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം ഇറക്കിയ സ്ഥലംമാറ്റ പട്ടികയിൽ ഫസൽ റഹ്മാനെയും ഉൾപ്പെടുത്തി.
കരട് പട്ടികയിൽ ഇല്ലാതിരുന്ന പേരാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടത്.മരണം യഥാസമയം റിപ്പോർട്ട് ചെയ്തിരുന്നതാണെന്ന് വീട്ടുകാർ പറഞ്ഞു. സാങ്കേതികപിഴവാണ് ഫസൽ പട്ടികയിൽ ഉൾപ്പെടാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.