അരൂർ : അരൂർ ക്ഷേത്രം കവലയിൽ അരൂക്കുറ്റി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലുള്ള വെള്ളക്കെട്ടിനും മാലിന്യക്കൂമ്പാരത്തിനും പരിഹാരമായി. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജെ.സി.ബി. ഉപയോഗിച്ച് ചാൽ കീറി കെട്ടിക്കിടന്ന മലിനജലം സമീപത്തെ കാനയിലേക്ക് ഒഴുക്കി വിട്ടു. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് മനോഹരമായി നിർമ്മിച്ച വെയിറ്റിംഗ് ഷെഡ് വെള്ളക്കെട്ട് മൂലവും വഴിയോരക്കച്ചവടക്കാരുടെ കൈയേറ്റം മൂലവും വൃത്തി ഹീനമായി തുടരുകയായിരുന്നു. മലിന ജലം ഒഴുക്കി കളഞ്ഞതിനോടൊപ്പം വെയിറ്റിഗ് ഷെഡ് ശുചീകരിക്കുകയും ചെയ്തു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി,വൈസ് പ്രസിഡന്റ് എം.പി.ബിജു ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.ഉദയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.