rahu

ചാരുംമൂട് : സൃഹൃത്തുക്കൾക്കൊപ്പം തോട്ടിൽ കുളിക്കാനിറങ്ങിയ 9-ാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. നൂറനാട് ഇടപ്പോൺ ചെറുമുഖ ലതികാ ഭവനത്തിൽ രാജു- ലതിക ദമ്പതികളുടെ മകൻ രാഹുൽ (14) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് രാഹുലും കൂട്ടുകാരും അമ്മയുടെ വീടിനു സമീപം കരിങ്ങാലിച്ചാൽ പുഞ്ചയിൽ വലിയതോട്ടിലെ ക്ലാത്തറ കുളിക്കടവിൽ കുളിക്കാനെത്തിയത്. രാഹുൽ ഒഴുക്കിൽപ്പെട്ടതോടെ കൂട്ടുകാരുടെ നിലവിളിച്ചത് കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവരം അറിഞ്ഞ് അടൂരിൽ നിന്നും സ്റ്റേഷൻ ഓഫീസർ ബി.വിനോദിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയും നൂറനാട് പൊലീസുമെത്തി രക്ഷാപ്രവർത്തനം നടത്തി. ഐരാണിക്കുടി പാലത്തിനു താഴത്തെ ഷട്ടർ അടച്ചായിരുന്നു തെരച്ചിൽ .വൈകിട്ട് 6.30 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. പടനിലം എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായിരുന്നു രാഹുൽ. ബി.എസ് സി നഴ്സിംഗ് വിദ്യാർത്ഥിനിയായ രാധികയാണ് സഹോദരി.