ആലപ്പുഴ: എറണാകുളത്ത് വയോധികയുടെ മാലപൊട്ടിച്ച കേസിലെ പ്രതിയെ ആലപ്പുഴയിൽ നിന്നു പിടികൂടി. ഞാറയ്ക്കൽ നടീത്തറ സോമരാജനെ(41)യാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരേ കേസുള്ളത്. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ ആലപ്പുഴയിലുള്ളതായി സൂചന കിട്ടിയത്. തുടർന്ന് ആലപ്പുഴ നോർത്ത് പോലീസിനെ വിവരം അറിയിച്ചു. തിരച്ചിലിനിടെ ആലപ്പുഴ ബീച്ചിൽനിന്ന് സി.പി.ഒ. മാരായ ബിനുമോൻ, സാഗർ സാദിക്ക്, വികാസ് ആന്റണി, ആർ. ശ്യാം എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.