ആലപ്പുഴ: സംസ്ഥാനത്തെ തീരദേശ ജനങ്ങളുടെയും തീരത്തിന്റെയും സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര പരിസ്ഥിതി വകുപ്പും സംസ്ഥാന ചീഫ് സെക്രട്ടറിയും കൂടിയാലോചിച്ച് പദ്ധതി തയ്യാറാക്കി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതായി കൃപാസനം കോസ്റ്റൽ മിഷൻ ഡയറക്ടർ ഡോ. ഫാ. വി.പി.ജോസഫ് വീട്ടിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭരണഘടനയുടെ 21-ാം അനുഛേദത്തിലെ ജീവിക്കാനുള്ള അവകാശത്തിൽ ഉൾപ്പെടുത്തി വേണം നടപടികൾ കൈകൊള്ളാനെന്നും ഉത്തരവിലുണ്ട്. കടലാക്രമണ പ്രതിരോധങ്ങളിലും മത്സ്യത്തൊഴിലാളികളുടെ സാമൂഹിക,സാമ്പത്തിക,ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമകാര്യങ്ങളിൽ സർക്കാർ ഇടപെടലുകൾ അനിവാര്യമാണ്. തീരസംരക്ഷണത്തിനായി കൃപാസനം സംസ്ഥാന തീര സംരക്ഷണ ജാഗ്രതാ സമിതിക്ക് രൂപം നൽകി പ്രവർത്തനം ആരംഭിച്ചതായി ഡോ. ഫാ. വി.പി.ജോസഫ് വീട്ടിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ കൃപാസനം കെ.എസ്.എം.ടി.എഫ് പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, കൃപാസനം ലീഗൽ അഡ്വൈസർ അഡ്വ. കെ.ജെ.സെബാസ്റ്റ്യൻ, കോ ഓർഡിനേറ്റർ അഡ്വ. എഡ്വേഡ് തുറവൂർ, ജാഗ്രതാ സമിതി നിരീക്ഷകരായ തങ്കച്ചൻ പനക്കൽ, സണ്ണി പരുത്തിയിൽ, ആന്റണി കുരിശിങ്കൽ എന്നിവരും പങ്കെടുത്തു.