s
കുട്ടംപേരൂർ 611ാംനമ്പർ സർവീസ് സഹകരണ ബാങ്കിന്റെ പുതുക്കിപ്പണിത കെട്ടിട സമുച്ചയം

മാന്നാർ: നാഷണൽ കോപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപറേഷന്റെ ധനസഹായത്തോടെയും ബാങ്കിന്റെ സ്വന്തം ഫണ്ടും ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കിപ്പണിത കുട്ടംപേരൂർ 611ാംനമ്പർ സർവീസ് സഹകരണ ബാങ്ക് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 18 ന് ഉച്ചയ്ക്ക് രണ്ടി​ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.

സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനത്തിലൂടെ ചെങ്ങന്നൂർ താലൂക്കിലെ ഏക ക്ലാസ് വൺ ബാങ്കായി കുട്ടംപേരൂർ ബാങ്കിനെ വളർത്തിയെടുക്കുവാൻ കഴിഞ്ഞതായി ബാങ്ക് പ്രസിഡന്റ് കെ.മോഹനൻ പിള്ള വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുതുക്കിപ്പണിത കെട്ടിടത്തിൽ നിലവിലുള്ള സ്‌ട്രോങ്ങ് റൂമിന് പുറമെ പുതിയ ഒരു സ്‌ട്രോങ്ങ് റൂം വാഹന പാർക്കിംഗ് സൗകര്യം,1200 സ്‌ക്വയർ ഫീറ്റ് ഓഡിറ്റോറിയം എന്നിവയുണ്ടാകും.

ഉദ്ഘാടനസമ്മേളനത്തിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ എസ്.ജോസി, എ.ആർ സ്മാരക ചെയർമാൻ പ്രൊഫ.പി.ഡി.ശശിധരൻ, ചെങ്ങന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. എം.ശശികുമാർ അഡ്വ. പി.വിശ്വംഭര പണിക്കർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സലാ മോഹൻ തുടങ്ങിയവർ പങ്കെടുക്കും. ബാങ്ക് പ്രസിഡന്റ് കെ.മോഹനൻ പിള്ള, സെക്രട്ടറി വി.ആർ.സജികുമാർ, ഭരണസമിതി അംഗങ്ങളായ വി.ആർ.ശിവപ്രസാദ്, കെ.പി.രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു