ph
ശക്തമായ കാറ്റിലും ഒഴിക്കിലുംപെട്ട് മറിഞ്ഞ വള്ളത്തിൽപിടിച്ച് കിടന്ന് സഹായം അഭ്യർത്ഥിച്ച മൽസ്യത്തൊഴിലാളിയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി

കായംകുളം: ശക്തമായ കാറ്റിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽപിടിച്ച് കിടന്ന് സഹായം അഭ്യർത്ഥിച്ച മൽസ്യത്തൊഴിലാളിയെ ഫയർ ഫോഴ്സ് രക്ഷപെടുത്തി. വലിയഴീക്കൽ തറയിക്കടവ് കമലവിലാസം വീട്ടിൽ ജലരാജനെയാണ് രക്ഷപെടുത്തിയത്.

മത്സ്യം വിറ്റ് തിരികെ വള്ളത്തിൽ മടങ്ങുന്ന വഴി കായംകുളം പുതുപ്പള്ളി മുട്ടത്ത് മണ്ണ കടവിന് സമീപം ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇത് കണ്ട നാട്ടുകാർ ഫയർ ഫോഴ്സിന്റെ സേവനം തേടുകയായിരുന്നു. കായംകുളം സ്റ്റേഷനിൽ നിന്നും സ്റ്റേഷൻ ഓഫീസർ എസ്. താഹായുടെ നേതൃത്വത്തിൽ എത്തിയ ഫയർ ഫോഴ്സ് സംഘം അവശനിലയിൽ ആയ ജലരാജനെയും വള്ളത്തെയും മറ്റൊരു വള്ളം ഉപയോഗി​ച്ച് കയർ കെട്ടി സുരക്ഷി​തമായി കരയിൽ എത്തിച്ചു.

അസി. സ്റ്റേഷൻ ഓഫീസർ പ്രസന്നകുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ്, നിഷാദ്, ജിമ്മി, വൈശാഖ്, സുധീഷ്,അൻവർ സാദത്ത്, ഹോം ഗാർഡ് പ്രമോദ് കുമാർ എന്നിവർ ഫയർ ഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു.