അമ്പലപ്പുഴ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിതം ഏത് കാലഘട്ടത്തിലും മാതൃകാപരമാണന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. ഒരു സമുദായത്തിന് മാത്രമല്ല മനുഷ്യർക്ക് ആകമാനം ഉൾക്കൊള്ളാൻ കഴിയുന്നതാണ് പ്രവാചകന്റെ ചരിത്രം. സാഹോദര്യം, കാരുണ്യം അടക്കം ജീവിതത്തിന്റെ വിവിധ മേഖലയിൽ മനുഷ്യർക്ക് മാതൃകാപരമായ ജീവിതമായിരുന്നു നബിയുടെ ചരിത്രമെന്നും സലാം പറഞ്ഞു. നീർക്കുന്നം ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ വളഞ്ഞവഴി വ്യാപാരഭവനിൽ നടന്ന നബിദിന കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ചെയർമാൻ ഹംസ കുഴുവേലി അദ്ധ്യക്ഷനായി. ഹദിയത്തുള്ള തങ്ങൾ, ഇബ്രാഹിം കുട്ടി വിളക്കേഴം, അഹമ്മദ് അൽഖാസിമി, മുഹമ്മദ് മുസ്ലിയാർ, അജ്മൽസലാം തുടങ്ങിയവർ പങ്കെടുത്തു.