മാന്നാർ: പതിറ്റാണ്ടുകൾ പഴക്കമുള്ള എഴുത്തോലയും നാരായവും കാത്തുസൂക്ഷിച്ച് വച്ച് അതിന്റെ ഓർമ്മകൾ പങ്കുവയ്ക്കുമ്പോൾ തൊണ്ണൂറുകാരി ചന്ദ്രമതി അമ്മയുടെ വാക്കുകളിൽ പ്രായം വഴിമാറുന്നു. മാന്നാർ കുട്ടമ്പേരൂർ വാലുപുരയിടത്തിൽ ചന്ദ്രമതി അമ്മ നാലര പതിറ്റാണ്ടുകാലം അനേകം കുരുന്നുകൾക്ക് അറിവുപകർന്നു നൽകി. നിലത്ത് വിരിച്ച മണലിൽ വിരൽ കൊണ്ട് ആദ്യാക്ഷരങ്ങൾ കുറിച്ച് അറിവിന്റെ ലോകത്തേക്ക് കുരുന്നുകളെ കൈപിടിച്ച് നടത്തിയിരുന്ന നിലത്തെഴുത്ത് കളരികൾ അന്യമാകുന്ന കാലത്തും മൂന്ന് വർഷം മുൻപാണ് പ്രായത്തിന്റെ അലട്ടലുകൾ കാരണം നിലത്തെഴുത്ത് കളരി നിർത്തിയത്.
അക്ഷരങ്ങൾ പകർന്നു നൽകിയവർ മക്കളെയും കൊച്ചുമക്കളെയും ആദ്യാക്ഷരങ്ങൾ കുറിപ്പിക്കാനും ദക്ഷിണ നൽകാനുമായി ഇന്നും തേടിയെത്താറുണ്ട്. നിലത്തെഴുത്ത് കളരി നടത്തിയിരുന്ന കുഞ്ഞമ്മ മരണപ്പെട്ടപ്പോൾ 45 വർഷങ്ങൾക്കു മുമ്പാണ് ഈ വഴിയിലേക്ക് ഇറങ്ങിയതെന്ന് ചന്ദ്രമതിയമ്മ ഓർക്കുന്നു. അക്ഷരങ്ങൾ പകർന്നു നൽകിയവർ മക്കളെയും കൊച്ചുമക്കളെയും ആദ്യാക്ഷരങ്ങൾ കുറിപ്പിക്കാനും ദക്ഷിണ നൽകാനുമായി ഇന്നും തേടിയെത്താറുണ്ട്. ഇപ്പോൾ മകൾ സാവിത്രി അമ്മയുടെ നിലത്തെഴുത്ത് കളരി നിലനിർത്തി പോരുന്നു. വർഷങ്ങൾക്കു മുമ്പ് മുമ്പ് അമ്മ ഒരേസമയം നാല്പതും അമ്പതും കുട്ടികൾക്ക് അക്ഷരങ്ങൾ പകർന്നു നൽകിയെങ്കിൽ ഇന്ന് അത് അഞ്ചും ആറും കുട്ടികളിലേക്ക് ഒതുങ്ങിയിരിക്കുകയാണെന്ന് ഇവർ പറയുന്നു. ഭർത്താവ് മരിച്ചപ്പോഴാണ് സാവിത്രി നിലത്തെഴുത്ത് കളരി ഏറ്റെടുത്തത്.
മുട്ടേൽ എം.ഡി എൽപി സ്കൂളിന് പുറകിലായിട്ടുള്ള വസതിയിൽ എസ് എൻ ഡി പി മാന്നാർ 68-ാം നമ്പർ ശാഖാംഗം മകൻ ശശിധരനോടൊപ്പം വിശ്രമ ജീവിതം നയിക്കുന്ന ചന്ദ്രമതിയമ്മയുടെ മറ്റ് മക്കൾ
രാധാമണി, രമണി, ഭാസുര, രത്നാകരൻ എന്നിവരാണ്.