അമ്പലപ്പുഴ: നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ ദേശീയപാതയോരത്ത് നടത്തുന്ന ചില നിർമ്മാണ പ്രവർത്തനങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നതായി എച്ച്. സലാം എം.എൽ.എ പറഞ്ഞു. റോഡിന് വീതിയില്ലാത്തയിടങ്ങളിൽ ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചുള്ള ബസ് ബേ നിർമ്മാണവും കൈവരി സ്ഥാപിക്കലുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
കപ്പക്കട ജംഗ്ഷനിലെ അശാസ്ത്രീയമായ ബസ്ബേ നിർമ്മാണം മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്.
പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറാൻ കഴിയാത്ത വിധമാണ് ഇരുമ്പ് പൈപ്പുകൾ കൊണ്ട് കൈവരി സ്ഥാപിച്ചത്. തുടർന്ന് എൻ.എച്ച്.എ.ഐ അധികൃതരുമായി നേരിട്ട് ഇടപെട്ടാണ് അന്ന് പ്രശ്നം പരിഹരിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ ജില്ലാ ഭരണകൂടവുമായും ജനപ്രതിനിധികളുമായും ആലോചിച്ച ശേഷമേ നടത്താവൂ എന്നും അശാസ്ത്രീയ നിർമ്മാണങ്ങൾ അടിയന്തരമായി നിറുത്തിവയ്ക്കണമെന്നും എം.എൽ.എ പറഞ്ഞു.