ആലപ്പുഴ: മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'ജനകീയം' പരാതി പരിഹാര പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി. മാരാരിക്കുളം തെക്ക്, വടക്ക്, മണ്ണഞ്ചേരി, ആര്യാട് എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന ആലപ്പുഴ നഗരസഭയിലെ 25 വാർഡുകളിലുമാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ 29ന് മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ നിന്നാണ് തുടക്കം കുറിച്ചത്. തുടർന്ന് മൂന്ന് ദിവസങ്ങളിലായി മറ്റ് പഞ്ചായത്തുകളിലും പരിപാടി നടത്തി. ആലപ്പുഴ നഗരസഭയിലെ പരിപാടിയോടെയാണ് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആലപ്പുഴ സി.ഡി.എസ് ഓഫീസിൽ നടത്തിയ പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യാരാജ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവരും പങ്കെടുത്തു.