ചേർത്തല: പിറന്ന നാടിനും സംസ്‌കാരത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കേരളത്തിന്റെ സാംസ്‌കാരിക നായകനാണ് പി. പരമേശ്വർജിയെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ. രാമൻപിള്ളയുടെ ഋഷിതുല്യനായ പരമേശ്വർജി എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പന്ഥാവിലൂടെ യാത്ര ചെയ്ത് സ്വജീവിതം കൊണ്ട് സ്വയം സേവകർക്കാകെ മാതൃകയായ മഹാനാണ് പരമേശ്വർജി. അനുഗ്രഹീത എഴുത്തുകാരനാണ് രാമൻപിള്ളയെന്ന് തെളിയിച്ച പുസ്തകമാണിത്. രാമൻപിള്ളയെ പോലുള്ള എഴുത്തുകാരെ വേണ്ട വിധം കേരളം ആദരിക്കാതെ പോയെന്ന് അദ്ദേഹത്തിന്റെ കൃതികൾ വായിച്ചാൽ മനസിലാകും. പരമേശ്വർജിയോടൊപ്പം പ്രവർത്തിച്ച രാമൻപിള്ള രചിച്ച പുസ്തകം തലമുറകളോളം നിലനിൽക്കുമെന്നും പരമേശ്വർജിയുടെ ജന്മഗ്രാമമായ മുഹമ്മ മുതൽ ദില്ലി വരെയുള്ള പ്രയാണം സംഗ്രഹിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

കോഴിക്കോട് ഇന്ത്യ ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്. വിശ്വ പൈതൃക സഭയുടെ ആഭിമുഖ്യത്തിൽ ചേർത്തല വുഡ്‌ലാൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിശ്വ പൈതൃക സഭ പ്രസിഡന്റ് പി.ആർ. രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷനായി. ആർ.എസ്.എസ് ഖണ്ഡ് സംഘചാലക് എം.ഡി. ശശികുമാർ ദീപ പ്രകാശനം നടത്തി. ബി.ജെ.പി ദേശീയ കൗൺസിലംഗം വെള്ളിയാകുളം പരമേശ്വരനിൽ നിന്ന് ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സെക്രട്ടറി ജെ. മഹാദേവൻ പുസ്തകം ഏ​റ്റുവാങ്ങി. ജില്ലാ സെക്രട്ടറി ടി.ജി. പ്രമോദ് പുസ്തക പരിചയം നടത്തി. ടി.കെ. സുധാകരൻ, വിജയ് മംഗലത്ത്, ജെ. ഹരികുമാർ എന്നിവർ സംസാരിച്ചു.