ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ഉണർവിലായ ടൂറിസം മേഖല ഇടവിട്ട് പെയ്യുന്ന മഴയിൽ മുങ്ങുന്നു. പൂജാ അവധി ആഘോഷത്തിനുൾപ്പെടെ വലിയ രീതിയിലുള്ള ബുക്കിംഗുകളാണ് ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾക്കും റിസോർട്ടുകൾക്കും ലഭിച്ചിരുന്നത്.
അടുത്ത മാസത്തേക്കുള്ള ബുക്കിംഗുകളും കാര്യമായി നടന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി ബുക്കിംഗുകൾ റദ്ദ് ചെയ്തതായി മേഖലയിലുള്ളവർ പറയുന്നു. മുൻകൂർ പണം അടച്ചവരിൽ ചെറിയ ശതമാനം ആളുകൾ മാത്രമാണ് ഇന്നലെയും ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തിയത്.
അന്യ സംസ്ഥാനക്കാരേക്കാൾ അധികമായി മലബാർ മേഖലയിൽ നിന്നുള്ള ബുക്കിംഗുകളാണ് ഉണ്ടായിരുന്നത്. പ്രളയ സമാനമായ അന്തരീക്ഷം വടക്കൻ ജില്ലകളെയും കാര്യമായി ബാധിച്ചതോടെ പലരും യാത്രകളിൽ നിന്ന് പിന്മാറി. സമുദ്ര നിരപ്പിൽ നിന്ന് താഴ്ന്ന പ്രദേശമായതിനാൽ വെള്ളപ്പൊക്ക സാദ്ധ്യത കൂടുതലാണെന്നതും മഴകാല അനുഭവങ്ങളും സഞ്ചാരികളെ പിന്നോട്ട് വലിക്കുകയാണ്.
മലബാർ ജില്ലക്കാർ അധികമായി കുട്ടനാടൻ കാഴ്ചകൾ കാണാനെത്തുമ്പോൾ ആലപ്പുഴയിൽ നിന്ന് മലയോര കാഴ്ചകൾ കാണാൻ ബുക്കിംഗുകൾ നടത്തിയിരുന്ന യാത്രാപ്രിയരും ഇതോടെ വെട്ടിലായി. റിസോർട്ടുകളിൽ താമസവും ട്രക്കിംഗും അടക്കം പാക്കേജുകൾ വീണ്ടും ഉണർവിലായി വരവേയാണ് മഴ വില്ലനായത്.
ശിക്കാരയ്ക്ക് ലോക്ക്
മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ശിക്കാര വള്ളങ്ങളുടെ സർവീസ് കളക്ടർ നിരോധിച്ചു. ശക്തമായ കാറ്റും കോളുമുണ്ടായാൽ വള്ളം മറിയാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടി.
ഭീഷണിയായി ജലനിരപ്പ്
കിഴക്കൻ ജില്ലകളിൽ പെയ്ത മഴയും ഒപ്പം ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നതും കുട്ടനാട്, അപ്പർ കുട്ടനാടൻ മേഖലകളിൽ ജലനിരപ്പ് ഉയർത്തി.
""
പൂജാ അവധി പ്രമാണിച്ച് ധാരാളം ബുക്കിംഗുകൾ ലഭിച്ചിരുന്നു. മഴ കനത്തതോടെ പലരും യാത്ര റദ്ദാക്കി. മുൻകൂർ പണമടച്ച ചില യാത്രക്കാർ മാത്രമാണ് ഇന്നലെ പുന്നമട ഫിനിഷിംഗ് പോയിന്റിൽ ഹൗസ് ബോട്ട് സവാരിക്കെത്തിയത്.
അനി, ടൂറിസ്റ്റ് ഗൈഡ്