a

മാവേലിക്കര: ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് ശബരിമല മേൽശാന്തിയായുള്ള നിയോഗമെന്ന് കണ്ടിയൂർ കളീക്കൽ മഠം നീലമന ഇല്ലത്ത് എൻ. പരമേശ്വരൻ നമ്പൂതിരി പറഞ്ഞു. നേരത്തെ നാലുതവണ ശബരിമല മേൽശാന്തി,​ രണ്ടുതവണ മാളികപ്പുറം മേൽശാന്തി പട്ടികയിൽ ഉൾപ്പെട്ടിരുന്നു. 2016-17 കാലത്ത് പമ്പാ ഗണപതി ക്ഷേത്രം മേൽശാന്തിയായിരുന്നു.

1991ലാണ് സർവീസിൽ കയറിയത്. ചെട്ടികുളങ്ങര, കൊയ്പ്പള്ളികാരാണ്മ, വലിയകുളങ്ങര, കരുവാറ്റക്കുളങ്ങര, കടവൂർ തുടങ്ങിയ മേജർ ക്ഷേത്രങ്ങളിലും മേൽശാന്തിയായിരുന്നിട്ടുണ്ട്. പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ്. ശങ്കരൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, സുവർണനി അന്തർജനം, ഗീത അന്തർജനം എന്നിവരാണ് സഹോദരങ്ങൾ. മഴയെ തുടർന്ന് ശബരിമല യാത്രയ്ക്ക് നിയന്ത്രണമുള്ളതിനാൽ വ്യാഴാഴ്ചയേ പുറപ്പെടുകയുള്ളുവെന്ന് പരമേശ്വരൻ നമ്പൂതിരി പറഞ്ഞു.


ഗോവിന്ദൻ നമ്പൂതിരിക്ക്

പിന്നാലെ അനുജനും

ശബരിമലയിലെ ആദ്യ പുറപ്പെടാ മേൽശാന്തി എൻ. ഗോവിന്ദൻ നമ്പൂതിരിയുടെ ഇളയ സഹോദരനാണ് എൻ. പരമേശ്വരൻ നമ്പൂതിരി. തിരുവിതാംകൂർ ദേവസ്വത്തിൽ ആദ്യമായി പുറപ്പെടാ മേൽശാന്തിമാരെ നിയോഗിക്കുന്നത് ശബരിമലയിലാണ്. 1996-97 കാലഘട്ടത്തിലാണ് ഗോവിന്ദൻ നമ്പൂതിരി പുറപ്പെടാ മേൽശാന്തിയായത്. ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയായിരിക്കുമ്പോഴാണ് ഗോവിന്ദൻ നമ്പൂതിരി ശബരിമല മേൽശാന്തിയായത്. ഇപ്പോൾ ഈ ക്ഷേത്രത്തിൽ മേൽശാന്തിയായ അനുജനും അതേ നിയോഗമാണ് കൈവന്നത്. കണ്ണന് പന്തീരടി പൂജയ്ക്ക് നടതുറന്നപ്പോഴാണ് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം ദേവസ്വം ജീവനക്കാർ അറിയിക്കുന്നത്.

നീലമന ഇല്ലം മേൽശാന്തിമാരുടെ തറവാട്

മേൽശാന്തിമാരുടെ തറവാടാണ് നീലമന ഇല്ലം. തിരുവിതാംകൂർ ദേവസ്വത്തിലെ മിക്ക മേജർ ക്ഷേത്രങ്ങളിലും ഇവിടത്തെ തിരുമേനിമാർ പൂജ ചെയ്തിട്ടുണ്ട്. ചെട്ടികുളങ്ങര, പമ്പാ മഹാഗണപതി, കണ്ടിയൂർ, ഏവൂർ, ഹനുമാൻ കോവിൽ, മലയാലപ്പുഴ, തിരുവല്ലം കടവൂർ ക്ഷേത്രങ്ങളിൽ ഉൾപ്പെടെ ഇവിടെയുള്ളവർ മേൽശാന്തിമാരായിരുന്നിട്ടുണ്ട്.

''

മേൽശാന്തി ലിസ്റ്റിൽ ഉൾപ്പെട്ടപ്പോൾതന്നെ ഇത്തവണ അയ്യപ്പനെ പൂജിക്കാൻ ഏവൂർ ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കുമെന്ന് വിശ്വാസമുണ്ടായിരുന്നു.

എൻ. പരമേശ്വരൻ നമ്പൂതിരി