ആലപ്പുഴ: വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട്ടിലെ കിടപ്പ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും ആലപ്പുഴ നഗരസഭ ടൗൺ ഹാളിൽ അഭയമൊരുക്കി. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു. അടിയന്തര സാഹചര്യം നേരിടാൻ വിവിധ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
ഇവർ നഗരത്തിന്റെ കിഴക്കൻ മേഖലകളിലെ വിവിധ വാർഡുകൾ സന്ദർശിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിവരുന്നു. കിഴക്കൻ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടി വന്നാൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകളും കെ.എസ്.ആർ.ടി.സി ബസുകളും ഉപയോഗിക്കാനും ധാരണയായി. ആവശ്യമെങ്കിൽ ഏതു സമയത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങളുമായി. സാഹചര്യം വിലയിരുത്താനായി വിളിച്ചുചേർത്ത അടിയന്തര ഓൺലൈൻ കൗൺസിൽ യോഗത്തിൽ അമ്പലപ്പുഴ തഹസീൽദാർ പ്രീത പ്രതാപൻ, ഇലക്ട്രിസിറ്റി എക്സി. എൻജിനിയർ വി.വി. സുനിൽ കുമാർ, സൗത്ത്, നോർത്ത് പൊലീസ് എസ്.എച്ച്.ഒമാരായ സനൽ, ടി.പി. വിനോദ്, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ പി.ബി. വേണുക്കുട്ടൻ, വില്ലേജ് ഓഫീസർമാരായ പി.വി. ജയസിംഹൻ, വി.എസ്. സൂരജ്, പി. ജോസഫ്, എം.എസ്. നിയാസ് എന്നിവർ പങ്കെടുത്തു. തുമ്പോളി പൊഴി, മുതലപ്പൊഴി, അയ്യപ്പൻ പൊഴി, വാടപ്പൊഴി എന്നിവ നഗരസഭാ അദ്ധ്യക്ഷ സൗമ്യാരാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ്, സെക്രട്ടറി നീതുലാൽ, ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും മണ്ണടിയാതെ ജലനിർഗമനം ഉറപ്പുവരുത്താൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തു.