മാന്നാർ: ജലനിരപ്പ് ഉയർന്നതോടെ മാന്നാർ പഞ്ചായത്തിലെ കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിലും മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
പാവുക്കര കരയോഗം യു.പി സ്കൂളിലും ക്യാമ്പ് തുറക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, പഞ്ചായത്തംഗം ശാലിനി രഘുനാഥ് എന്നിവർ അറിയിച്ചു.
നിരവധി കുടുംബങ്ങൾ ക്യാമ്പുകളിലുണ്ട്. കൊവിഡ് ഭീതി മൂലം പലരും വീടുവിട്ട് ക്യാമ്പുകളിലേക്കെത്താൻ മടിക്കുന്ന അവസ്ഥയുമുണ്ട്.
പടിഞ്ഞാറൻ മേഖലയായ പഞ്ചായത്തിലെ 2, 3, 4, വാർഡുകൾ ഉൾപ്പെട്ട പാവുക്കരയിലും 11 വാർഡിലെ തൈച്ചിറ കോളനിയിലും 18 വാർഡിലെ കൊച്ചുതറ കോളനിയിലും നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തുടരെ പെയ്യുന്ന കനത്ത മഴയ്ക്ക് ഞായറാഴ്ച പകൽ ശമനം ഉണ്ടായി. എന്നാൽ വൈകുന്നേരത്തോടെ ശക്തി പ്രാപിച്ചത് വീണ്ടും ആശങ്കയിലാക്കി.
ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ പഞ്ചായത്ത് സജ്ജമാണെന്ന് പ്രസിഡന്റ് ടി.വി രത്നകുമാരി അറിയിച്ചു. ഇരുപത്തിനാല് മണിക്കൂർ ഹെൽപ് ഡെസ്കും പ്രവർത്തിക്കുന്നുണ്ട്.