idappon
ഇടപ്പോണിൽ അച്ചൻകോവിലാറിന് സമീപമുള്ള ജലവിഭവ വകുപ്പിന്റെ കെട്ടിടം വെള്ളത്തിൽ മുങ്ങിയ നിലയിൽ

ചാരുംമൂട്: തോരാ മഴയിൽ ചാരുംമൂട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതി​നെത്തുടർന്ന് നൂറനാട് പഞ്ചായത്തിൽ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളെ മാറ്റി​പ്പാർപ്പി​ച്ചു. കിടങ്ങയത്ത് ഒരു വീട് പൂർണമായും തകർന്നു. രണ്ട് പ്രധാന റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. നിരവധി കൃഷിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. താമരക്കുളം ഗ്രാമ പഞ്ചായത്തിലെ 15 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് . അച്ചൻകോവിലാറ് കരകവിഞ്ഞതോടെയാണ് നൂറനാട് പഞ്ചായത്തിലെ ഇടപ്പോൺ , ആറ്റുവ, ചെറുമുഖ , ഇടക്കുന്നം, പുതുപ്പള്ളികുന്നം ഭാഗങ്ങളിലെ 25 ഓളം വീടുകളിൽ വെള്ളം കയറിയത്. ഇടപ്പോൺ എച്ച്.എസ്.എസ്, ചെറുമുഖ എൽ.പി.എസ്, പാറ്റൂർ കേളി സാംസ്കാരിക വേദി, ഇടക്കുന്നം യു.പി സ്കൂൾ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.

ഇടപ്പോൺ പുത്തൻകാവിൽ ദേവി ക്ഷേത്രവളപ്പിലും പരിസരത്തെ വീടുകളിലും അംഗൻവാടിയിലും കൃഷിയിടങ്ങളിലും വള്ളം കയറിയിട്ടുണ്ട്. ജലവിഭവ വകുപ്പിന്റെ കെട്ടിടവും വെള്ളത്തിൽ മുങ്ങി.

പടനിലം - കുടശനാട് റോഡിൽ കരിങ്ങാലിച്ചാൽ ബണ്ട് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തെരുവുമുക്ക് - പടനിലം റോഡിൽ ഇടക്കുന്നം ഭാഗവും വെള്ളത്തിൽ മുങ്ങി. താമരക്കുളം പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. തോട് കരകവിഞ്ഞ് ഒഴുകുന്നതിനാൽ നടീൽവയലിലെ 15 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്കഭീഷണിയിലാണ്.