ആലപ്പുഴ: പെരുമഴയിലും കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്കിലും കുട്ടനാട്ടിൽ നിരവധി വീടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി. ജനപ്രതിനിധികളും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം ഏറ്റെടുത്തു. അപ്പർ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി.
24 മണിക്കൂറിനുള്ളിൽ നദികളിലെ ജലനിരപ്പ് രണ്ട് അടിയിലധികം ഉയർന്നു. നെടുമ്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വാ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. തലവടി കുതിരച്ചാൽ പുതുവൽ കോളനിയിലെ നിരവധി കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. കോളനിയിലെ മിക്ക വീടുകളും മുട്ടോളം വെള്ളം കയറി. അപ്പർ കുട്ടനാട്ടിൽ കുതിരച്ചാൽ കോളനി വെള്ളത്തിൽ മുങ്ങി. തലവടി പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലും ഇതേ അവസ്ഥയാണ്. വീടുകളിൽ നിന്ന് വ്യദ്ധരെയും സ്ത്രീകളെയും കുട്ടികളെയും സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുകയാണ്. നദീ തീരങ്ങളിൽ താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ജനകീയ സമിതികൾ രൂപീകരിച്ചാണ് രക്ഷാപ്രവർത്തനം. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ തലവടി, മുട്ടാർ, വീയപുരം, എടത്വാ പഞ്ചായത്തുകളിൽ ക്യാമ്പുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എ - സി റോഡിൽ ഒന്നാംകരക്ക് കിഴക്കോട്ട് പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, കിടങ്ങറ, പൂവം ഭാഗങ്ങളിൽ വെള്ളം കയറി.
എടത്വാ - തിരുവല്ല റോഡ് മുങ്ങി
ജലനിരപ്പ് ഉയർന്നതോടെ എടത്വാ തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ജംഗ്ഷൻ വെള്ളത്തിൽ മുങ്ങി. സ്വകാര്യ വാഹനങ്ങളുടെ സർവീസ് ഭാഗികമായി തടസപ്പെട്ടു. റോഡിൽ ഒരടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. നവീകരണത്തിന് ശേഷമുണ്ടായ 2018ലെ പ്രളയത്തിൽ നെടുമ്പ്രം ഭാഗത്ത് രണ്ട് മീറ്ററോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ ഏറ്റവും താഴ്ന്ന ഭാഗമാണ് നെടുമ്പ്രം. എടത്വാ -വീയപുരം റോഡും വെള്ളത്തിലാണ്. നീരേറ്റുപുറം-മുട്ടാർ കിടങ്ങറ, എടത്വാ - തായങ്കരി, എടത്വാ - കളങ്ങര, എടത്വാ -കൈതത്തോട് റോഡുകളിലും വെള്ളം കയറി. സംസ്ഥാന പാത ഒഴികെയുള്ള ഇടറോഡുകളിൽ ഗതാഗതം ഏറെക്കുറെ നിലച്ചു.