punnapra

ആലപ്പുഴ: പുന്നപ്ര - വയലാർ പ്‌ളാറ്റിനം ജൂബിലി വാർഷിക വാരാചരണം നാളെ തുടങ്ങി 27ന് സമാപിക്കും. രാവിലെ വലിയചുടുകാട്ടിലും പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി നഗറിലും മാരാരിക്കുളം, വയലാർ, മേനാശേരി രക്തസാക്ഷി മണ്ഡപങ്ങളിലും പതാക ഉയർത്തലും പുഷ്പാർച്ചനയും നടക്കും.

സി.പി.എമ്മും സി.പി.ഐയും സംയുക്തമായിട്ടാണ് വാരാചരണം സംഘടിപ്പിക്കുന്നത്. വാർഡ് തലത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തും. 23ന് വലിയചുടുകാട്ടിലും പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി നഗറിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും 25ന് മേനാശേരിയിലും 27ന് വയലാറിലും അനുസ്മരണ സമ്മേളനങ്ങൾ നടക്കും.

27ന് രാവിലെ വലിയചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപശിഖാ റിലേ ആരംഭിച്ച് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും. തുടർന്ന് അനുസ്മരണ സമ്മേളനം നടക്കും. കൊടിമര ഘോഷയാത്ര, പുഷ്പാർച്ചന, ദീപക്കാഴ്ച എന്നിവ നടക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസറും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസും അറിയിച്ചു.