ആലപ്പുഴ: ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, പലചരക്ക് കടകൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മുന്നിൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് നമ്പരോ രജിസ്ട്രേഷൻ നമ്പരോ പ്രദർശിപ്പിക്കാത്തവർ ഇനിമുതൽ കുടുങ്ങും. പരിശോധന ആരംഭിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചു.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയന്ത്രണ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) നിർദേശം ഒക്ടോബർ ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. 12 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും അതിന് മുകളിൽ വരുമാനമുള്ളവർക്ക് ലൈസൻസുമാണ് നൽകുന്നത്.
നമ്പരുകൾ ഗുണഭോക്താക്കൾ കാണുന്ന തരത്തിൽ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. എല്ലാ ഭക്ഷണശാലകളിലും ബേക്കറികൾ, മിഠായിക്കട, പലചരക്ക് കട തുടങ്ങി റീട്ടെയിൽ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ഡിസ്‌പ്ലേ ബോർഡുകൾ നിർബന്ധമാണ്. വീഴ്ച കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പും ആവർത്തിച്ചാൽ ഒരുലക്ഷം രൂപ പിഴയും ലൈസൻസ് സസ്പെൻഡ് ചെയ്യൽ അടക്കമുള്ള നടപടികളുമുണ്ടാകും.
ബില്ലുകൾ, രസീതുകൾ കാഷ് മെമ്മോ തുടങ്ങി എല്ലാ ബിസിനസ് രേഖകളിലും സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തണമെങ്കിലും ഇത് ജനുവരി മുതലേ കർശനമാക്കൂ. എഫ്.എസ്.എസ്.എ.ഐയുടെ കർശന പരിശോധനയും ഉണ്ടാകും. ജി.എസ്.ടി, ഇ-വേ ബില്ലുകളിലും സർക്കാരിന്റെ കമ്പ്യൂട്ടർ രേഖകളിലും മാത്രമാണ് ഇളവുള്ളത്. സാവകാശം ആവശ്യപ്പെട്ട് വിവിധ വ്യാപാര സംഘടനകൾ എഫ്.എസ്.എസ്.എ.ഐക്ക് നിവേദനം നൽകിയ സാഹചര്യത്തിലാണ് ജനുവരി വരെ സമയം ദീർഘിപ്പിച്ചത്.
വിവരങ്ങൾ ഞൊടിയിടയിൽ
ഭക്ഷ്യസുരക്ഷാ ലൈസൻസ്, രജിസ്ട്രേഷൻ നമ്പർ എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് സ്ഥാപനത്തിന്റെ വിശദാംശങ്ങൾ ലഭിക്കും. എഫ്.എസ്.എസ്.എ.ഐ വെബ്സൈറ്റിലും ഫുഡ് സേഫ്ടി കണക്ട് ആപ്പിലും പരാതികൾ നൽകുമ്പോൾ ഈ നമ്പറുകൾ രേഖപ്പെടുത്തുന്നത് കൂടുതൽ ഫലപ്രദമാകും.
""
ഉപഭോക്താക്കൾക്ക് സ്ഥാപനങ്ങളെ കുറിച്ച് പരാതിയുണ്ടെങ്കിൽ രജിസ്ട്രേഷൻ / ലൈസൻസ് നമ്പർ കൂടി ഉൾപ്പെടുത്തി വേണം പരാതി നൽകേണ്ടത്. കടയിൽ എത്തുന്നവർക്ക് കാണാൻ കഴിയുന്ന വിധമായിരിക്കണം നമ്പരുകൾ പ്രദർശിപ്പിക്കേണ്ടത്.
ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ