അമ്പലപ്പുഴ: കുളത്തിൽ മത്സ്യകൃഷി നടത്തിവന്നിരുന്ന വീട്ടമ്മയുടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ വെളിമ്പറമ്പ് വീട്ടിൽ അനിത മുരളിയുടെ കൃഷിയാണ് നശിച്ചത്. ശക്തമായ മഴയിൽ മലിനജലം കുളത്തിൽ കലർന്നതാണ് മത്സ്യങ്ങൾ ചാകാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പാട്ടത്തിനെടുത്ത പത്ത് സെന്റോളം വരുന്ന കുളത്തിൽ ബാങ്കിൽ നിന്ന് ലോണെടുത്താണ് കൃഷി നടത്തിയത്. ഒരു വർഷം വളർച്ചയെത്തിയ സിലോപ്പിയ മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. ഒരു ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി വീട്ടമ്മ പറയുന്നു.